കള്ളക്കടത്തായി എത്തിച്ച 15 കോടിയുടെ സിഗരറ്റ് കസ്റ്റംസ് പിടികൂടി, പ്രതി ഓടിരക്ഷപ്പെട്ടു

കോഴിക്കോട്: ഇന്ത്യയിൽ വിൽപ്പന നടത്താൻ അനുമതിയില്ലാത്ത വിദേശനിർമിത സിഗരറ്റുകളുടെ വൻശേഖരം പിടികൂടി. തിരൂരിലെ രണ്ട് കടമുറികളിൽനിന്നാണ് 15 കോടിയിലേറെ രൂപ പൊതുവിപണിയിൽ വിലവരുന്ന സിഗരറ്റുകൾ കണ്ടെത്തിയത്. 490 പെട്ടികളിലായി സൂക്ഷിച്ചവയായിരുന്നു ഇത്. ഇതിൽ 88 ലക്ഷം സിഗരറ്റുകളാണുള്ളത്.ഒരു ട്രെയിലർ ലോറിയിലും മൂന്ന് ചെറുലോറികളിലുമായി ഇവ ശനിയാഴ്ച പകൽ മാനാഞ്ചിറയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചു. ഗോൾഡ് വിമൽ, മോണ്ട്, പൈൻ, എസ്സെ, റോയൽസ്, പ്ളാറ്റിനം ബെൻസൺ ആൻഡ് ഹെഡ്ജസ്, മാൽബറോ, ഡൺഹിൽ, വിൻ, മാഞ്ചസ്റ്റർ, കേമൽ തുടങ്ങിയ ഇരുപതോളം ബ്രാൻഡുകളുടെ ശേഖരമാണ് പിടികൂടിയത്. ഇവ കപ്പലിൽ കണ്ടെയ്നറുകളിൽ ഒളിപ്പിച്ച് കേരളത്തിലെത്തിച്ച് ചെറുലോറികളിൽ തിരൂരിലെത്തിച്ചെന്നാണ് സൂചന.
മറുനാടൻതൊഴിലാളികൾ താമസിക്കുന്ന ഒരു ഉൾപ്രദേശത്തിലെ ലെയ്‌ൻ മുറികളിൽ രണ്ടെണ്ണത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഇവ പലപ്പോഴായി എത്തിച്ചതാണെന്നാണ് വിവരം. കൊറിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് അനധികൃതമായി കൊണ്ടുവന്നതാണ് ഇവയെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി കോഴിക്കോട് കസ്റ്റംസ് ആൻഡ് പ്രിവന്റീവ് ഡിവിഷൻ ഉദ്യോഗസ്ഥർ ‘മാതൃഭൂമി’യോട് പറഞ്ഞു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂരിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർ കട പരിശോധിക്കാനെത്തിയപ്പോൾ മുറികൾ വാടകയ്ക്കെടുത്ത് ഇവ സൂക്ഷിച്ച ആൾ ഓടിരക്ഷപ്പെട്ടു. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കസ്റ്റംസ് ആൻഡ് പ്രിവന്റീവ് കമ്മിഷണർ കെ. പത്മാവതി, ജോയന്റ് കമ്മിഷണർ ബി. ആദിത്യ, ഡെപ്യൂട്ടി കമ്മിഷണർ ജെ. ആനന്ദകുമാർ എന്നിവരുടെ നേതൃത്വത്തിൽ കസ്റ്റംസ് സൂപ്രണ്ടുമാരായ എൻ.പി. ഗോപിനാഥ്, പി.എം. സിലീഷ്, എ. അരുൺകുമാർ, ഇൻസ്പെക്ടർമാരായ ആർ. അശ്വന്ത് രാജ്, അമീൻ അഹമ്മദ് സുഹൈൽ, വി. രാജീവ്, ബിപുൽ പണ്ഡിറ്റ്, ഡ്രൈവർ സത്യനാരായണൻ, ഹെഡ് ഹവിൽദാർ മുകേഷ് എന്നിവരടങ്ങിയ സംഘമാണ് ഇവ പിടികൂടിയത്.