കോയ്യോട്ട് വീട്ടിൽ സൂക്ഷിച്ച നിലയിൽ എം.ഡി.എം.എ പിടിച്ചു; മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ

ചക്കരക്കല്ല് (കണ്ണൂർ): സ്റ്റേഷൻ പരിധിയിൽപ്പെട്ട കോയ്യോട്ട് ഒരു വീട്ടിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ എം.ഡി.എം എ ചക്കരക്കല്ല് പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട മൂന്ന് പേരെ പോലീസ് ചക്കരക്കല്ല് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. 135 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. മാർക്കറ്റിൽ അഞ്ച് ലക്ഷത്തിലധികം രൂപ വിലവരുന്നതാണിത്.ഇതുമായി ബന്ധപ്പെട്ട് ചെമ്പിലോട് മണിയൻ ചിറയിലെ ചിരികണ്ടോത്ത് മഹേഷ് (48), ആറ്റടപ്പയിലെ രയരോത്ത് അർജുൻ (29), ആറ്റടപ്പ റംലാസിൽ റെനീസ് (38) എന്നിവരെയാണ് ഇതുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിൽ എടുത്തത്. മയക്കു മരുന്ന് കൊണ്ടുവന്ന് വീട്ടിൽ സൂക്ഷിച്ചതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് അന്വേഷണം നടത്തിയത്. സംഭവത്തിലെ പ്രതികളിലൊരാളായ മഹേഷിൻ്റെ വീട്ടിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. അർജുനും റെനീസും ചേർന്നാണ് മയക്കുമരുന്ന് അവിടെ എത്തിച്ചത്. വിവിധ സ്ഥലങ്ങളിലുള്ള ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കാൻ പാകത്തിൽ ചെറിയ പായ്ക്കറ്റുകളിലാക്കി ഇത് പിന്നീട് വിതരണം ചെയ്യുന്നതിനാണ് ഇവിടെ എത്തിച്ചത്. ചക്കരക്കല്ല് സ്റ്റേഷൻ ഓഫീസർ എം.പി. ആസാദ്,എസ്.ഐ. സുശീൽ കുമാർ, സി.പി.ഒമാരായ അജയൻ, വിനീത എന്നിവരടങ്ങിയ സംഘവും എസ്.പി.യുടെ കീഴിലുള്ള സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പരിശോധനനടത്തിയത്. എക്സൈസ് വിഭാഗവും സ്ഥലത്തെത്തി. പ്രതികളെ വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിലെത്തിച്ചു. ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.