പാതിവില തട്ടിപ്പ്; കണ്ണൂരിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

പാതിവിലയ്ക്ക് ഇരുചക്ര വാഹനവും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ കണ്ണൂരിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.എറണാകുളം കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുക. ഡി വൈ എസ് പിമാരായ കെ എസ് ഷാജി, എം വി അനിൽ കുമാർ, ടി മധുസൂദനൻ നായർ, ഇൻസ്പെക്ടർമാരായ അനീഷ് ബി, എ ചന്ദ്രരാജൻ, ബോബി വർഗീസ്, എം ശ്രീകുമാർ എന്നിവരാണ് കണ്ണൂർ- കാസർകോട് ജില്ലകൾക്ക് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘാംഗങ്ങൾ.കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ് ഉൾപ്പെടെ ഏഴ് പേർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് ആദ്യം രജിസ്റ്റർ ചെയ്ത കേസിലാണ് ശനിയാഴ്ച അന്വേഷണം തുടങ്ങിയത്.
സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഡിവലപ്മെന്റൽ സ്റ്റഡീസ് നിയമ ഉപദേശകയെന്ന നിലയിൽ കേസിൽ ഏഴാം പ്രതിയാണ് കെ പി സി സി മുൻ വൈസ് പ്രസിഡന്റ് ലാലി വിൻസെന്റ്. ചീഫ് കോ-ഓർഡിനേറ്റർ തൊടുപുഴ കുടയത്തൂർ കോളപ്ര ചൂരകുളങ്ങര വീട്ടിൽ അനന്തു കൃഷ്ണൻ (26) ആണ് ഒന്നാം പ്രതി.കണ്ണൂർ ബ്ലോക്ക് സീഡ് സൊസൈറ്റി സെക്രട്ടറിയും പ്രൊമോട്ടറുമായ പള്ളിക്കുന്ന് എടച്ചേരി മാനസത്തിൽ എ മോഹനൻ (69) നൽകിയ പരാതിയാണ് അന്വേഷണ സംഘത്തിന് ആദ്യമായി ലഭിച്ചത്.