അണ്ടലൂർക്കാവിൽ തേങ്ങ താഴ്ത്തി;തിറമഹോത്സവം തുടങ്ങി

Share our post

പിണറായി:അണ്ടലൂർക്കാവിൽ തിറമഹോത്സവത്തിന് തുടക്കമായി. വ്യാഴം രാവിലെ തേങ്ങ താക്കൽ ചടങ്ങോടെയാണ് ഉത്സവത്തിന് തുടക്കമായത്. തട്ടാലിയത്ത് ഗിരീശനച്ഛന്റെയും വലിയ കോമരത്തിന്റേയും ചെറിയ കോമരത്തിന്റേയും കാർമികത്വത്തിൽ ചടങ്ങ് നടന്നു. ക്ഷേത്രാവശ്യത്തിനുള്ള തേങ്ങ സമീപത്തെ പറമ്പിലും വീടുകളിൽനിന്നും ശേഖരിക്കും. വെള്ളിയാഴ്ച കുഴച്ചൂണാണ്. ധർമടത്തെ നാലു ദേശത്തെയും വീടുകളിൽ അന്നേദിവസം രാത്രി ഊണിന് മുന്നേ തൂശനിലയിൽ പഴവും പപ്പടവും നെയ്യും കൂട്ടിക്കുഴച്ച് വില്ലുകാർ കഴിക്കുന്ന ചടങ്ങാണിത്. ഇതേദിവസം തന്നെ ചക്ക താഴ്ത്തൽ നടത്തും. കാവിന്റെ പരിസരത്ത് ചക്കയുള്ള വീടുകളിൽ പോയി സ്ഥാനീകർ ചക്ക പറിച്ച് കാവിലെ കൊട്ടിലിൽ കൊണ്ടു വയ്ക്കുന്നതാണ് ചക്ക താഴ്ത്തൽ. ഇതിനുശേഷമേ ധർമടക്കാർ ചക്ക ഉപയോഗിക്കുകയുള്ളൂ. കാവിൽ കയറൽ ചടങ്ങും അന്ന് തന്നെ. ശനിയാഴ്ചയാണ് കൊടിയേറ്റം. സന്ധ്യക്കുശേഷം മേലൂർ കുറുവേക്കണ്ടി തറവാട്ടിൽനിന്നും തൃക്കൈക്കുട മണലിലെ ആസ്ഥാനത്തെത്തിക്കും. ശേഷം മേലൂർ ദേശവാസികളുടെ വക കരിമരുന്ന് പ്രയോഗം. ഞായർ മുതൽ കെട്ടിയാട്ടം ആരംഭിക്കും. വെളുപ്പിന് ആദ്യം അതിരാളവും മക്കളും തുടർന്ന് തൂവക്കാലി, പൊൻമകൻ, മലക്കാരി, നാഗഭഗവതി, നാഗഭഗവാൻ, പുതുച്ചേകവൻ, വേട്ടക്കൊരുമകൻ, ദൈവക്കോലങ്ങൾ പുറപ്പെടും. നട്ടുച്ചനേരത്താണ്‌ ബാലി സുഗ്രീവ യുദ്ധം, സന്ധ്യക്കുശേഷം അച്ചന്മാരുടെ മെയ്യാൽ കൂടൽ, തുടർന്ന്‌ പ്രധാന തെയ്യങ്ങളായ ദൈവത്താറീശ്വരനും അങ്കക്കാരൻ, ബപ്പൂരൻ ദൈവങ്ങളും തിരുമുടിയണിയുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!