തുള്ളിനനയ്‌ക്ക് ഷാജിയുടെ ‘തൊട്ടിൽ ജലസേചനം’

കൂത്തുപറമ്പ്:ജലചക്രത്തിലൂടെ ഇന്ധനച്ചെലവില്ലാതെ കൃഷിയിടം നനയ്‌ക്കുകയാണ് ആയിത്തര മമ്പറത്തെ ഷാജി വളയങ്ങാടൻ. തോട്ടിലൂടെ ഒഴുകി പാഴാകുന്ന വെള്ളം നിമിഷങ്ങൾക്കകം കൃഷിയിടത്തെ ഹരിതാഭമാക്കുന്നു. വൈദ്യുതിയോ ഡീസലോ ആവശ്യമില്ലാതെ കൃഷിയിടത്തിൽ യഥേഷ്ടം വെള്ളമെത്തിക്കുന്ന ജലചക്രമാണ് കണ്ടുപിടിത്തങ്ങളിലൂടെ ശ്രദ്ധേയനായ യുവാവ് രൂപകൽപ്പന ചെയ്‌തത്. വീടിന് മുന്നിലെ കൈതേരി തോട്ടിലാണ് പുതിയ സംവിധാനം ഒരുക്കിയത്. ആകാശത്തൊട്ടിലിന്റെ മാതൃകയിലായതിനാൽ ‘തൊട്ടിൽ ജലസേചനം’ എന്ന് പേരിട്ടു. തടയണകെട്ടി നിർത്തിയ വെള്ളത്തെ പൈപ്പിലൂടെ നിശ്ചിത അളവിൽ തുറന്നുവിടുമ്പോൾ ജലചക്രം കറങ്ങും. ആറ് മീറ്റർ ഉയരമുള്ള ചക്രത്തിലൂടെ വെള്ളം തോടിന് മുകളിൽ സ്ഥാപിച്ച വീപ്പയിലെത്തും. വീപ്പയിൽ കണക്ട് ചെയ്‌ത പൈപ്പിലൂടെ കൃഷിയിടത്തിലേക്ക്. ചക്രത്തിൽ സ്ഥാപിച്ച കപ്പുകളിലൂടെയാണ് വെള്ളം ആറ് മീറ്ററോളം ഉയരത്തിലെത്തുന്നത്. പത്ത് ലീഫുകളിൽ ശക്തമായി വെള്ളം പതിക്കുന്നതോടെ ചക്രം കറങ്ങും. വെള്ളത്തിന്റെ അളവ് കൂട്ടാനും കുറക്കാനും ക്രമീകരണമുണ്ട്. 100 മീറ്ററകലെയുള്ള സ്വന്തം കൃഷിയിടത്തിൽ തുള്ളിനനയ്‌ക്ക് ആവശ്യാനുസരണം വെള്ളം ലഭിക്കുന്നു. വെണ്ട, പയർ, ചീര, മുളക്, തക്കാളി, പൊട്ടിക്ക, പാവക്ക എന്നിവ കൃഷി ചെയ്യുന്നു. ഏഴായിരം രൂപയാണ് ജല ചക്രത്തിനാവശ്യമായ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് ചെലവായത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കൃഷിത്തോട്ടം, കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളെ തുരത്താനുള്ള സംവിധാനങ്ങൾ, കൊതുക് നശീകരണി തുടങ്ങിയവയും നിർമാണത്തൊഴിലാളിയായ ഷാജി വികസിപ്പിച്ചെടുത്തിരുന്നു.