കോട്ടയം നഴ്സിങ് കോളേജ് റാഗിങ്; നാല് വിദ്യാർഥികൾ കൂടി പുതിയതായി പരാതി നൽകി

കോട്ടയം: നഴ്സിങ് കോളേജിൽ നടന്ന റാഗിങ് കേസിലെ പ്രതികൾക്കെതിരെ കൂടുതൽ പരാതികൾ. പുതിയതായി നാല് വിദ്യാർഥികൾ കൂടി പരാതി നൽകി. നേരത്തേ പരാതി നൽകിയ ഇടുക്കി സ്വദേശി ലിബിൻ കൊടുത്ത മൊഴിയിലാണ് മറ്റു 4 പേർകൂടി ഉപദ്രവിക്കപ്പെട്ടെന്ന വിവരം പുറത്തായത്. ഇവർ ആദ്യം പരാതി നൽകിയിരുന്നില്ല. സീനിയർ വിദ്യാർഥികൾ ഇവരുടെ ശരീരമാസകലം ഷേവ് ചെയ്തിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.അതേ സമയം, കേസിലെ തൊണ്ടിമുതൽ കണ്ടെത്തി. വിദ്യാർത്ഥിയെ റാഗ് ചെയ്യാൻ ഉപയോഗിച്ച കോമ്പസും, ഡമ്പലുമാണ് കണ്ടെത്തിയത്. നിലവിലെ കേസിൽ അറസ്റ്റിലായ കേരള ഗവ. സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ (കെജിഎസ്എൻഎ) സംസ്ഥാന സെക്രട്ടറി കെപി രാഹുൽ രാജ്, സാമുവൽ ജോൺസൺ, എൻഎസ്.ജീവ, സി റിജിൽ ജിത്ത്, എൻവി വിവേക് എന്നിവർ തന്നെയാണ് ഈ ക്രൂരകൃത്യത്തിനും നേതൃത്വം നൽകിയതെന്നാണ് വിവരം.