ആരോഗ്യവകുപ്പിന്റെ കര്‍ശന നടപടി; ആസ്പത്രികളില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുത്തനെ കുറഞ്ഞു

Share our post

ആലപ്പുഴ: ആന്റിബയോട്ടിക്കുകളുടെ ഉപയോഗം സര്‍ക്കാര്‍ ആശുപത്രികളില്‍ കുത്തനെ കുറഞ്ഞു. ഇവയുടെ ദുരുപയോഗത്തിനെതിരേ ആരോഗ്യവകുപ്പ് കര്‍ശന നടപടിയുമായി മുന്നോട്ടു പോയതോടെയാണ് ഉപയോഗം കുറയ്ക്കാനായത്. ഇതോടെ സാമ്പത്തികവര്‍ഷം തീരാറായിട്ടും സര്‍ക്കാര്‍ ആശുപത്രിഫാര്‍മസികളില്‍ ആന്റിബയോട്ടിക് മിച്ചമിരിക്കുകയാണ്.മുന്‍പ് ജനുവരി-ഫെബ്രുവരി മാസത്തോടെ മിക്ക ആശുപത്രികളിലും ആന്റിബയോട്ടിക്കുകള്‍ തീരും. പിന്നീട് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ.എം.എസ്.സി.എല്‍.) എത്തിക്കുകയായിരുന്നു പതിവ്. ഇക്കുറി അതു വേണ്ടിവരില്ല. സംസ്ഥാനമൊട്ടാകെ ആന്റിബയോട്ടിക് ഉപയോഗം 33 ശതമാനം കുറഞ്ഞതാണു കാരണം.

നിലവില്‍ ആശുപത്രികളില്‍ സാധാരണ മരുന്നുകളാണ് തീര്‍ന്നത്. ഇവ തദ്ദേശസ്ഥാപനങ്ങളുടെയും ആശുപത്രി വികസനസമിതികളുടെയും ഫണ്ടുപയോഗിച്ചു വാങ്ങി പ്രശ്‌നം പരിഹരിക്കുന്നുണ്ട്. ആന്റിബയോട്ടിക്കുകള്‍ മിച്ചമായതോടെ ഈയിനത്തില്‍ സാമ്പത്തിക ലാഭവുമേറെയാണ്.വേണ്ടതിനും വേണ്ടാത്തതിനും മരുന്നുകഴിക്കുന്ന ശീലമൊഴിവാക്കാന്‍ മലയാളിക്കു ബോധവത്കരണം നല്‍കിയതും ഡോക്ടര്‍മാര്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തിയതും ഗുണംചെയ്തു. രോഗികള്‍ക്കു തിരിച്ചറിയാനായി നീലക്കവറിലും നല്‍കിത്തുടങ്ങി. കുറിപ്പടിയില്ലാതെ മരുന്നുനല്‍കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരേ കര്‍ശന നടപടിയെടുത്തതും ഉപയോഗം കുറയ്ക്കാന്‍ സഹായിച്ചു.

ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗംമൂലം പലരോഗങ്ങളെയും പ്രതിരോധിക്കാനാകാത്ത സ്ഥിതിയായിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ ഭീഷണിയായി ലോകാരോഗ്യ സംഘടന അതിനെ കണ്ടതോടെയാണ് സംസ്ഥാനവും കര്‍ശന നടപടിയിലേക്കു കടന്നത്. അതിന്റെ ഭാഗമായി ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ.എം.ആര്‍.) പരിപാടിയും ബോധവത്കരണവും സംഘടിപ്പിച്ചു. ചികിത്സയുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗരേഖയും പുറത്തിറക്കി. മനുഷ്യര്‍ക്കുപുറമേ മൃഗങ്ങളുടെയും പക്ഷികളുടെയും വളര്‍ത്തലുമായി ബന്ധപ്പെട്ടുള്ള ആന്റിബയോട്ടിക്് ദുരുപയോഗം തടയാനും നടപടിയെടുത്തു.അടുത്തഘട്ടത്തില്‍ സ്വകാര്യ ആശുപത്രികളിലേക്ക്സ്വകാര്യ ആശുപത്രികളിലെ ആന്റിബയോട്ടിക് ദുരുപയോഗം തടയുകയാണ് അടുത്തലക്ഷ്യം. ബോധവത്കരണത്തിലൂടെയും മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കിയും അവരെയും ഇതിന്റെ ഭാഗമാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!