നഴ്‌സിങ് കോളേജ് റാഗിങ്: പ്രതികളുടെ തുടര്‍പഠനം തടയും, കോളേജില്‍ നിന്ന് ഡീബാര്‍ ചെയ്യും

Share our post

കോട്ടയം: ഗവ.നഴ്‌സിങ് കോളേജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് പ്രതികളായ അഞ്ച് വിദ്യാര്‍ഥികളുടെ തുടര്‍പഠനം തടയും. നഴ്‌സിങ് കൗണ്‍സിലിന്റെ യോഗത്തിലാണ് തീരുമാനം. ഇതിന് പുറമെ കോളേജില്‍ നിന്ന് ഡീബാര്‍ ചെയ്യുകയും ചെയ്യും. കോളേജിലെ ഒന്നാംവര്‍ഷ നഴ്‌സിങ് ക്ലാസില്‍ ആറ് ആണ്‍കുട്ടികളാണുള്ളത്. അവര്‍ ആറുപേരും ക്രൂരമായ റാഗിങ്ങിന് ഇരയായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇരകളായ മറ്റ് വിദ്യാര്‍ഥികളെ സാക്ഷികളാക്കുകയും ചെയ്യും.റാഗിങ്ങിന് ഇരയായ ഏലപ്പാറ സ്വദേശികളുടെ ദൃശ്യമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഈ വിദ്യാര്‍ഥികളുടെ പരാതിയില്‍ തന്നെയാണ് പോലീസ് കേസെടുക്കുകയും ചെയ്ത്. റാഗിങ് നടക്കുന്ന സമയത്ത് മറ്റ് അഞ്ച് കുട്ടികളും മുറിയിലുണ്ടായിരുന്നു. ഈ അഞ്ച് കുട്ടികളെയുമാണ് കേസില്‍ സാക്ഷിയാക്കുക. ഇവരുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് ശേഖരിച്ചിരുന്നു. ഈ മൊഴി കേസിന്റെ ബലം വര്‍ധിപ്പിക്കുമെന്നാണ് പോലീസ് കരുതുന്നത്.

സംഭവത്തില്‍ കോളേജ് അധികൃതര്‍ക്കെതിരേയും ആരോഗ്യവകുപ്പ് നടപടിയെടുത്തിരുന്നു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എ.ടി.സുലേഖ, അസി. വാര്‍ഡന്റെ ചുമതലയുള്ള അസി. പ്രൊഫസര്‍ അജീഷ് പി. മാണി എന്നിവരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. കോളേജ് ഹോസ്റ്റലിലെ റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരേ നടപടി. ഹോസ്റ്റലിലെ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കംചെയ്യാനും നിര്‍ദേശം നല്‍കി ഉത്തരവായിരുന്നു. മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നായിരുന്നു നടപടി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!