‘മിഡ്‌നൈറ്റ് ഓപ്പറേഷനു’മായി വിജിലൻസ്; കുടുങ്ങിയത് മൂന്ന് എസ്.ഐ.മാരടക്കം ഒൻപത് പോലീസുകാർ

കൊച്ചി: വിജിലൻസ് സംഘം മൂന്ന് ജില്ലകളിലായി നടത്തിയ ‘മിഡ്‌നൈറ്റ്’ ഒപ്പറേഷനിൽ കുടുങ്ങിയത് മൂന്ന് എസ്.ഐ.മാരടക്കം ഒൻപത് പോലീസുകാർ. വിജിലൻസിനെ കണ്ട് കൈക്കൂലി പണം വാഹനത്തിന്റെ സീറ്റിനടിയിലേക്ക് മാറ്റിയ ഉദ്യോഗസ്ഥരെയും വാഹനത്തിലിരുന്ന് മദ്യപിച്ച ഉദ്യോഗസ്ഥനെയുമാണ് വിജിലൻസ് കൈയോടെ പൊക്കിയത്.മൂന്ന് എസ്.ഐ.മാർക്ക് പുറമേ ഒരു എ.എസ്.ഐ.യും രണ്ട് ഗ്രേഡ് സി.പി.ഒ.മാരും ഡ്രൈവർ ഡ്യൂട്ടിയിൽ ഉള്ള മൂന്നു പോലീസുകാരും ഉൾപ്പെടെയാണ് കുടുങ്ങിയത്. ഇവർക്കെതിരേ ഉടൻ വിജിലൻസ് ഡയറക്ടറേറ്റിൽ റിപ്പോർട്ട് നൽകും. ഇതിനു ശേഷമാകും ആഭ്യന്തരവകുപ്പിന്റെ തുടർനടപടികൾ.
വിജിലൻസിന്റെ സെൻട്രൽ റെയ്ഞ്ച് പരിധിയിലെ എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ പോലീസിന്റെ ഹൈവേ പട്രോളുകളിലും കൺട്രോൾറൂം വാഹനങ്ങളിലുമാണ് വെള്ളിയാഴ്ച പുലർച്ചെ ‘മിഡ്‌നൈറ്റ് ഓപ്പറേഷൻ’ എന്ന പേരിൽ മിന്നൽ പരിശോധന നടന്നത്.സെൻട്രൽ റെയ്ഞ്ച് സൂപ്രണ്ട് എസ്. ശശിധരന്റെ നേതൃത്വത്തിൽ എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽനിന്നായി അഞ്ച് ഡിവൈ.എസ്.പി.മാരും 12 ഇൻസ്‌പെക്ടർമാരും അറുപതോളം വിജിലൻസ് ഉദ്യോഗസ്ഥരുമായിരുന്നു സംഘത്തിൽ.പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു എല്ലായിടത്തെയും പരിശോധന. മൂന്ന് ജില്ലകളിലായി 13 ഹൈവേ പട്രോൾ വാഹനങ്ങളും 12 കൺട്രോൾ വാഹനങ്ങളുമാണ് പരിശോധിച്ചത്.