കോട്ടയം നഴ്സിങ് കോളേജിലെ റാഗിങ്; പ്രിൻസിപ്പാളിനേയും അസി.പ്രൊഫസറേയും സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: കോട്ടയം നേഴ്‌സിങ് കോളേജിലെ റാഗിങ് സംഭവുമായി ബന്ധപ്പെട്ട് കോളേജ് പ്രിന്‍സിപ്പാളിനേയും അസിസ്റ്റന്റ് പ്രൊഫസറേയും സസ്‌പെന്‍ഡ് ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ.സുലേഖ എ.ടി, അസി. പ്രൊഫസര്‍ അജീഷ് പി മാണി എന്നിവര്‍ക്കെതിരേയാണ് അന്വേഷണവിധേയമായുള്ള നടപടി. ആരോഗ്യമന്ത്രിയാണ് നടപടിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.മെന്‍സ് ഹോസ്റ്റല്‍ വാര്‍ഡന്റെ ചുമതല വഹിച്ചിരുന്നത് അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. ഹോസ്റ്റലിലെ റാഗിങ് തടയുന്നതിലും ഇടപെടുന്നതിനും കോളേജിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഹോസ്റ്റലിലെ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിര്‍ദേശമുണ്ട്. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അന്വേഷണം നടത്തിയതിന് പിന്നാലെയാണ് നടപടി.
ഗവ.മെഡിക്കല്‍ കോളേജിലെ മൂന്നാംവര്‍ഷ ജനറല്‍ നഴ്സിങ് വിദ്യാര്‍ഥികളായ അഞ്ചുപേരാണ് ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ കഴിഞ്ഞ മൂന്നുമാസമായി ക്രൂരമായ റാഗിങ്ങിനിരയാക്കിയത്. റാഗിങ്ങിന്റെ ദൃശ്യങ്ങളും ഇവര്‍ പകര്‍ത്തി. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നഴ്സിങ് കോളേജിലെ ജനറല്‍ നഴ്സിങ് സീനിയര്‍ വിദ്യാര്‍ഥികളായ കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍(20), മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്(22), വയനാട് നടവയല്‍ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരെയാണ് റാഗിങ് കേസില്‍ ഗാന്ധിനഗര്‍ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ആരംഭിച്ചതുമുതല്‍ പ്രതികള്‍ ഇവരെ റാഗിങ്ങിന് വിധേയരാക്കിയെന്നാണ് വിവരം. ഒന്നാംവര്‍ഷ ജനറല്‍ നഴ്സിങ് ക്ലാസില്‍ ആറ് ആണ്‍കുട്ടികളാണുണ്ടായിരുന്നത്. ഇവരെല്ലാം റാഗിങ്ങിനിരയായി. പ്രതികളായ സാമൂവല്‍, ജീവ, റിജില്‍ ജിത്ത്, രാഹുല്‍ രാജ്, വിവേക് എന്നിവര്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.