ഇനി ജിയോ ഹോട്ട്‌സ്റ്റാര്‍ കാലം; ലൈവ് സ്‌പോര്‍ട്‌സ്, മൂന്നുലക്ഷം മണിക്കൂര്‍ ഉള്ളടക്കം

Share our post

പ്രീമിയം പ്ലാറ്റ്‌ഫോമുകളായ ജിയോസിനിമയും ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറും ലയിച്ചുള്ള പുതിയ പ്ലാറ്റ്‌ഫോം ജിയോ ഹോട്ട്‌സ്റ്റാര്‍ നിലവില്‍വന്നു. രണ്ട് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലെയും എല്ലാ ഉള്ളടക്കങ്ങളും ഇനിമുതല്‍ ജിയോ ഹോട്ട്‌സ്റ്റാറിലും ലഭ്യമാകും. സിനിമകള്‍, ഷോകള്‍ എന്നിവയ്ക്കു പുറമേ അന്താരാഷ്ട്ര സ്റ്റുഡിയോകളില്‍നിന്നും സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളില്‍നിന്നുമുള്ള ഉള്ളടക്കങ്ങളും പുതിയ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും.

വയാകോം 18ന്റെയും സ്റ്റാര്‍ ഇന്ത്യ ലയനം വിജയകരമായി പൂര്‍ത്തിയായതിനു പിന്നാലെയാണ് പുതിയ പ്ലാറ്റ്‌ഫോം പ്രായോഗികതലത്തിലെത്തിയത്. ജിയോ ഹോട്ട്‌സ്റ്റാറില്‍ ഏകദേശം മൂന്നുലക്ഷം മണിക്കൂര്‍ ഉള്ളടക്കവും തത്സമയ സ്‌പോര്‍ട്‌സ് കവറേജും ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു. രണ്ട് പ്ലാറ്റ്‌ഫോമുകളിലെയും ഉപയോക്താക്കളായ 50 കോടിയിലധികം ആളുകള്‍ തുടക്കത്തിലുണ്ടാകും.

ജിയോഹോട്ട്‌സ്റ്റാറില്‍ ഇപ്പോള്‍ പ്രവേശിക്കാനും ഉള്ളടക്കങ്ങള്‍ സൗജന്യമായി കാണാനും അവസരമുണ്ട്. ഉപയോക്താക്കള്‍ക്ക് ഷോകള്‍, സിനിമകള്‍, തത്സമയ സ്‌പോര്‍ട്‌സ് എന്നിവ കാണുന്നതിന് സബ്‌സ്‌ക്രിപ്ഷന്‍ ആവശ്യമില്ല. പണമടയ്ക്കുന്ന സബ്‌സ്‌ക്രൈബേഴ്‌സിന് പരസ്യങ്ങള്‍ കാണിക്കില്ല. ഉയര്‍ന്ന റെസലൂഷനില്‍ അവര്‍ക്ക് ഷോകള്‍ സ്ട്രീം ചെയ്യാനുമാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!