‘കേരളാ സാർ…100 പേര്‍സന്റ് ലിറ്ററസി സാർ’ കേരളത്തെ പരിഹസിച്ച കൊമേഡിയൻ സ്പോട്ടഡ്, കണക്ക് സഹിതം ‘മല്ലു’ മറുപടി

ദില്ലി: അശ്ലീല പരാമര്‍ശത്തിന് പിന്നാലെ കടുത്ത നടപടികൾ നേരിടുകയാണ് ബിയര്‍ ബൈസപ്‌സ് എന്നറിയപ്പെടുന്ന യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദി. കേസിനൊപ്പം യുട്യൂബ് വീഡിയോ നീക്കം ചെയ്തതടക്കം ശക്തമായ നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഇതിനിടെ ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയിൽ കേരളത്തെ പരിഹസിച്ച ഹാസ്യനടൻ ജസ്പ്രീത് സിംഗിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയിൽ തന്നെയായിരുന്നു ജ്സ്പ്രീത് സിംഗ് കേരളത്തെ പരിഹസിക്കുന്ന തരത്തിൽ പരാമര്‍ശം നടത്തിയത്. സംഭവത്തിന്റെ വീഡിയോ വലിയ രീതിയിൽ വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജസ്പ്രീത് സിംഗിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ കമന്റ് ബോക്സിലടക്കം മലയാളി പ്രതിഷേധം അലയടിക്കുകയാണ്.
ഷോയിൽ അപൂര്‍വ മുഖിജ, റൺവീര്‍ അല്ലാബാദി, ആശിഷ് ചഞ്ച്ലാനി, സമയ് റെയ്ന എന്നിവര്‍ക്കൊപ്പമായിരുന്ന ജസ്പ്രീത് സിങ്ങും വിധികര്‍ത്താവായി എത്തിയത്. വിവാദ പരാമര്‍ശങ്ങളാൽ നിറഞ്ഞ ഷോയിൽ, ഒരു മത്സരാര്‍ത്ഥിയോട് താങ്കളുടെ രാഷ്ട്രീയ കാഴ്ചപ്പാട് എന്താണെന്ന് ചോദിക്കുന്നു. തനിക്ക് രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നും, താൻ ഒരു തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തിട്ടില്ലെന്നും പെൺകുട്ടി മറുപടി നൽകുന്നു. ഈ സമയത്തായിരുന്നു കൊമേഡിയൻ ജസ്പ്രീത് ‘കേരള സാര്‍… 100 പേര്‍സന്റ് ലിറ്ററസി സാര്‍’ എന്ന് പരിഹാസ രൂപേണ പറഞ്ഞത്.