ഉത്സവത്തിന് വാഴക്കുലയെത്തി;പോന്നോളൂ അണ്ടലൂരേക്ക്

അണ്ടലൂർ: അവിലും മലരും പഴവും ചേർത്തൊരു പിടിപിടിക്കാതെ അണ്ടലൂർ ഉത്സവത്തിനായി വീടുകളിൽ അതിഥികളായെത്തുന്നവർ മടങ്ങാറില്ല. ജാതി–- മത വ്യത്യാസമില്ലാതെ അണ്ടലൂരെ ഏതു വീട്ടിൽനിന്നും അവിൽ, മലര്, പഴം തുടങ്ങിയ വിഭവങ്ങളടങ്ങിയ ദൈവത്താർ പ്രസാദം ലഭിക്കും. തമിഴ്‌നാട്ടിലെ തൃശ്ശിനാപ്പള്ളി, തൂത്തുക്കുടി തുടങ്ങിയിടങ്ങളിൽനിന്നും വാഴക്കുലകൾ വിപണിയിലെത്തി. വ്യാഴാഴ്ചയും ലോഡുമായി ലോറികൾ എത്തും. ചിറക്കുനിയാണ് പ്രധാന വിൽപ്പനകേന്ദ്രം. മൈസൂർ പഴത്തിന് 32 ഉം, കദളിക്ക് 68 രൂപയുമാണ് വില. ഉത്സവം വ്യാഴാഴ്ച തുടങ്ങും. വീടുകൾ വെള്ളപൂശിയും പരിസരം ശുചീകരിച്ചും അതിഥികളെ സ്വീകരിക്കാൻ ധർമടം, അണ്ടലൂർ, മേലൂർ, പാലയാട് ദേശവാസികൾ ഒരുങ്ങി. കുംഭം ഒന്ന് മുതൽ ഏഴു (ഫെബ്രുവരി 13 മുതൽ 19)വരെയാണ് ഉത്സവം. വിദേശത്തും മറ്റും ജോലി ചെയ്യുന്ന ധർമടക്കാരും പിണറായിക്കാരും അവധിയെടുത്ത് ഉത്സവം കൂടാനെത്തും. പുതിയ പാത്രങ്ങൾ മാത്രമേ ഉത്സവനാളിൽ ഈ നാട്ടിലെ വീടുകളിൽ പാചകത്തിനായി ഉപയോഗിക്കൂ. ഏഴ് ദിനവും നാല് പ്രദേശങ്ങളിൽ മത്സ്യം, മാംസം വിൽക്കുകയോ വീടുകളിൽ പ്രവേശിപ്പിക്കുകയോ ചെയ്യില്ല. രണ്ടാം തീയതി നടക്കുന്ന ചക്കകൊത്തിനു ശേഷം മാത്രമേ പ്രദേശവാസികൾ ചക്ക കഴിക്കു എന്നിങ്ങനെ വൈവിധ്യമായ ആചാരങ്ങളും ചടങ്ങുകളും അണ്ടലൂർ കാവിനെ മറ്റുള്ള കാവുകളിൽനിന്നും വേറിട്ടതാക്കുന്നു. രണ്ടാം തീയതി പിണറായി പാണ്ട്യഞ്ചേരി പടിയിൽനിന്നും പെരുവണ്ണാന്റെ അക്കരെ കടയ്ക്കൽ ചടങ്ങോടെ പ്രധാന ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് പടന്നക്കര ദേശവാസികളുടെ കരിമരുന്ന് പ്രയോഗം. മൂന്നിന് മേലൂർ ദേശവാസികളുടെ കുടവരവ്. നാലുമുതൽ കെട്ടിയാട്ടങ്ങൾക്ക് തുടക്കമാകും. എല്ലാ ദിവസവും വിവിധ ദേശക്കാരുടെ കരിമരുന്ന് പ്രയോഗമുണ്ട്.