ഇനി തോന്നുംപടി പണം വാങ്ങാനാവില്ല; ആംബുലൻസുകള്‍ക്ക് വാടക നിരക്ക് നിശ്ചയിച്ചു

Share our post

സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആംബുലൻസുകള്‍ക്ക് വാടക നിശ്ചയിച്ച്‌ സർക്കാർ ഉത്തരവിറക്കി. ഓരോ ആംബുലൻസിനെയും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ച്‌ 600 മുതല്‍ 2500 രൂപ വരെയാണ് വാടകയും വെയ്റ്റിങ് ചാർജും നിശ്ചയിച്ചത്.നോണ്‍ എസി ഒമ്നി ആംബുലൻസുകള്‍ക്ക് 600 രൂപയാണ് ആദ്യ 20 കിലോമീറ്ററിനുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 20 രൂപ നല്‍കണം. ഓക്സിജൻ ആവശ്യമായി വന്നാല്‍ അതിന് 200 രൂപ അധികം നല്‍കണം. ഓരോ മണിക്കൂരിനും 150 രൂപയാണ് വെയ്റ്റിങ് ചാർജ്. എസിയുള്ള ഒമ്നി ആംബുലൻസിന് 800 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് കിലോമീറ്ററിന് 25 രൂപ നിരക്കില്‍ നല്‍കണം. ഓക്സിജൻ സപ്പോർട്ടിന് 200 രൂപയും വെയ്റ്റിങ് ചാർജ് മണിക്കൂറിന് 150 രൂപയും നിശ്ചയിച്ചു.

നോണ്‍ എസി ട്രാവലർ ആംബുലൻസിന് ആയിരം രൂപയാണ് ആദ്യ 20 കിലോമീറ്ററിലെ വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതം നല്‍കണം. വെയ്റ്റിങ് ചാർജ് മണിക്കൂറിന് 200 രൂപയാണ്. എസിയുള്ള ട്രാവലർ ആംബുലൻസിന് 1500 രൂപയാണ് 20 കിലോമീറ്റർ വരെയുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 40 രൂപ വീതം നല്‍കണം. 200 രൂപയാണ് ഓരോ മണിക്കൂറിനും നല്‍കേണ്ട വെയ്റ്റിങ് ചാർജ്.ഐസിയു സൗകര്യവും പരിശീലനം ലഭിച്ച ടെക്നീഷ്യൻസ് പ്രവർത്തിക്കുന്നതുമായ ഡി ലെവല്‍ ആംബുലൻസുകള്‍ക്ക് 2500 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് ഓരോ കിലോമീറ്ററിനും 50 രൂപ വീതം നല്‍കണം. 350 രൂപയാണ് ഈ ആംബുലൻസിന് മണിക്കൂർ അടിസ്ഥാനത്തിലുള്ള വെയ്റ്റിങ് ചാർജ്.

കാൻസർ രോഗികളെയും 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെയും കൊണ്ടുപോകുമ്ബോള്‍ കിലോമീറ്ററിന് 2 രൂപ വീതം വാടകയില്‍ ഇളവ് അനുമതിക്കണം. ബിപിഎല്‍ വിഭാഗക്കാരായ രോഗികളുമായി പോകുമ്ബോള്‍ ഡി ലെവല്‍ ഐസിയു ആംബുലൻസുകളുടെ വാടക നിരക്കില്‍ 20 ശതമാനം തുക കുറച്ചേ ഈടാക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാന ട്രാൻസ്പോർട് അതോറിറ്റിക്ക് ഉത്തരവ് നടപ്പാക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം പുതിയ വാടക നിരക്ക് ആംബുലൻസുകളില്‍ പ്രദർശിപ്പിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!