ക്രിമിനൽക്കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ക്ഷേത്രങ്ങളിൽ പൂജാസാധനങ്ങളുടെ വില്‍പ്പനക്കരാർ നൽകില്ല

തിരുവനന്തപുരം: ക്രിമിനല്‍ക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ക്ഷേത്രങ്ങളില്‍ പൂജാസാധനങ്ങളുടെ വില്‍പ്പനക്കരാര്‍ നല്‍കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. കരാറുകാരനും ജോലിക്കാര്‍ക്കും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി.ലേലത്തുകയില്‍ കുടിശ്ശികയുള്ളവരെയും കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരെയും ടെന്‍ഡറില്‍ പങ്കെടുപ്പിക്കില്ല. ലേലവ്യവസ്ഥകള്‍ ലംഘിച്ചാലും കരിമ്പട്ടികയിലാക്കും.
ദേവസ്വവുമായി കേസുള്ളവരെ ടെന്‍ഡറില്‍ അയോഗ്യരാക്കും. അഞ്ചുലക്ഷം രൂപയ്ക്കുതാഴെ ലേലത്തുക വരുന്ന പൂജാസാധനങ്ങള്‍ക്ക് ഇ-ടെന്‍ഡറിനുപകരം തുറന്ന ലേലമാക്കും. നിശ്ചിതതീയതിക്കകം ലേലം കൊള്ളുന്നവര്‍ തുക അടച്ചില്ലെങ്കില്‍ 18 ശതമാനം പലിശ ഈടാക്കും.
നാളികേരവില പലഭാഷകളില്‍
വില്‍ക്കുന്ന നാളികേരങ്ങളുടെ വില വ്യത്യസ്തഭാഷകളില്‍ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കണം. വെടിവഴിപാടിന് നിലവിലുള്ള 10 രൂപയില്‍ക്കൂടുതല്‍ വാങ്ങിയാല്‍ നടപടിയെടുക്കും. അധികതുക വാങ്ങിയാല്‍ ദേവസ്വംഫണ്ടിലേക്ക് മുതല്‍ക്കൂട്ടി, കരാര്‍ റദ്ദാക്കും. വെടി വഴിപാടിനുള്ള ജീവനക്കാരെ കരാറുകാരന്‍ സ്വന്തം നിലയ്ക്ക് ഇന്‍ഷുര്‍ ചെയ്യണം. പൂജാസാധനങ്ങളുടെ വിലയില്‍ മാറ്റംവരുത്താന്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിവേണം.