ചൂട് ഉയരുന്നു; പഴവര്‍ഗങ്ങളുടെ വിലയും

Share our post

ചൂടുകാലം തുടങ്ങിയതിനൊപ്പം റംസാൻ നോമ്ബുകാലം കൂടി വരാനിരിക്കേ പഴവർഗങ്ങളുടെ വില കുത്തനെ ഉയരുന്നു. നേന്ത്രപ്പഴം മുതല്‍ വിദേശ ഇനങ്ങള്‍ക്കു വരെ തൊട്ടാല്‍ പൊള്ളുന്ന വിലയാണ്.പതിവുപോലെ തമിഴ്നാട്ടിലെ ചുഴലിക്കാറ്റും കൃഷിനാശവുമൊക്കെയാണ് വില കൂടുന്നതിന് ഇടനിലക്കാർ പറയുന്ന കാരണങ്ങള്‍. കൂടുന്ന വിലയുടെ പകുതിയെങ്കിലും കർഷകർക്ക് ലഭിക്കുന്നുണ്ടാകുമോ എന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല.

നേന്ത്രപ്പഴം കിലോയ്ക്ക് പൊതുവിപണിയില്‍ 80 മുതല്‍ 85 വരെ രൂപയാണ് വില. നാടൻ പഴം വിപണിയിലെത്തുന്നത് തീരെ കുറഞ്ഞതോടെയാണ് വില ഉയർന്നത്. ഇനി വിഷുവിനോടനുബന്ധിച്ച്‌ നാടൻ പഴം കൂടുതലായി എത്തിത്തുടങ്ങിയാല്‍ ഇടനിലക്കാർ തമിഴ്നാട്ടില്‍ നിന്നുള്ള പഴത്തിന്‍റെ വില കുത്തനെ കുറയ്ക്കുമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. മൈസൂർ പഴം മാത്രം 60 രൂപയില്‍ നില്‍ക്കുന്നുണ്ട്. മറ്റിനങ്ങള്‍ക്കെല്ലാം 80 നോടടുത്താണ് വില.

കിലോയ്ക്ക് 140 മുതല്‍ 300 രൂപയുള്ള ആപ്പിള്‍ ഇനങ്ങള്‍ വിപണിയിലുണ്ട്. പച്ചമുന്തിരി 100, കറുത്ത ജ്യൂസ് മുന്തിരി 100, വിത്തില്ലാത്ത കറുത്ത മുന്തിരി 200, മുസംബി 70 മുതല്‍ 100 രൂപ വരെ, അനാർ 280-300, മാമ്ബഴം 200-240, ലിച്ചി 400, പേരക്ക 120, പപ്പായ 50, ഓറഞ്ച് കിലോയ്ക്ക് 40 മുതല്‍ 80 രൂപ വരെ, വേനല്‍ക്കാലത്തെ പ്രധാന ഇനങ്ങളിലൊന്നായ തണ്ണിമത്തൻ കിലോയ്ക്ക് 25 മുതല്‍ 35 രൂപ വരെ എന്നിങ്ങനെയാണ് ഇപ്പോഴത്തെ വിപണി വില.

കേരളത്തിലേക്ക് പ്രധാനമായും നേന്ത്രക്കായ എത്തുന്നത് തമിഴ്നാട്ടിലെ തേനി, കൃഷ്ണഗിരി, നീലഗിരി, കോയമ്ബത്തൂർ, ഈറോഡ്, പൊള്ളാച്ചി ജില്ലകളില്‍ നിന്നാണ്. പച്ചക്കായ മൊത്തവില തന്നെ 60 മുതല്‍ 70 രൂപ വരെയാണ്. സീസണാകുമ്ബോള്‍ ഇതിനോടടുത്ത വില കർഷകർക്ക് കിട്ടിയിരുന്നെങ്കില്‍ പ്രതിസന്ധികള്‍ക്കിടയില്‍ വലിയൊരാശ്വാസമാകുമായിരുന്നു. നേന്ത്രക്കായയുടെ വില കൂടിയതോടെ ചിപ്സ് ഉള്‍പ്പെടെയുള്ള മൂല്യവർധിത ഉത്പന്നങ്ങള്‍ക്കും വില വർധിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!