കണ്ണൂർ-ഷൊർണൂർ മെമു സർവിസ് പുനരാരംഭിച്ചു

കണ്ണൂർ: അറ്റകുറ്റപ്പണിക്ക് ‘അവധി’യിലായിരുന്ന കണ്ണൂർ- ഷൊർണൂർ മെമു സർവിസ് പുനരാരംഭിച്ചു. കോച്ച് തകരാറിലായതിനെ തുടർന്ന് രണ്ട് ദിവസമായി റദ്ദാക്കിയ മെമു ശനിയാഴ്ച രാവിലെ കണ്ണൂരിലേക്ക് സർവിസ് നടത്തി. കുറഞ്ഞ കോച്ചുകളുമായി ഓടിയതിനാൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.രാവിലെ 5.05ന് ഷൊർണൂരിൽ നിന്ന് പുറപ്പെട്ട മെമു 9.04ന് കണ്ണൂരിലെത്തി. വ്യാഴാഴ്ച രാവിലെ കണ്ണൂരിലേക്കുള്ള ഓട്ടത്തിനിടെ തലശ്ശേരിയിൽ എത്തിയപ്പോൾ കോച്ചിനടിയിൽനിന്ന് പുക ഉയർന്നിരുന്നു. എൻജിനീയറിങ് വിഭാഗത്തിന്റെ പരിശോധനയിൽ മോട്ടോർ കേടായതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വണ്ടി അറ്റകുറ്റപ്പണിക്കായി ഓട്ടം നിർത്തിയത്.കണ്ണൂർ- ഷൊർണൂർ മെമു റദ്ദാക്കിയത് നിരവധി യാത്രക്കാർക്കാണ് ദുരിതമായത്. മെമു റദ്ദാക്കിയതിനാൽ രാവിലെയും വൈകീട്ടും കോഴിക്കോട് -കണ്ണൂർ റൂട്ടിൽ യാത്രാതിരക്കേറിയിരുന്നു.
വിവിധ ഓഫിസുകളിൽ ജോലി ചെയ്യുന്നവരും തൊഴിലാളികളും വിദ്യാർഥികളും അടക്കം നിരവധി യാത്രക്കാരാണ് മെമുവിനെ ആശ്രയിക്കുന്നത്.വൈകീട്ട് 5.20 ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 7.50 ന് കോഴിക്കോടെത്തുന്ന വണ്ടി 10.55നാണ് ഷൊർണൂരിൽ എത്തുക. രാവിലെ അഞ്ചിന് ഷൊർണൂരിൽനിന്ന് പുറപ്പെട്ട് 6.45ന് കോഴിക്കോടും 9.10 ന് കണ്ണൂരും എത്തും. മെമു ഓട്ടം നിർത്തിയതോടെ യാത്രക്കാരുടെ സൗകര്യത്തിനായി ഉച്ചക്ക് 3.10 ന് കണ്ണൂരിൽ നിന്നും പുറപ്പെടേണ്ട കണ്ണൂർ ഷൊർണൂർ എക്സ്പ്രസ് വ്യാഴം, വെള്ളി ദിവസങ്ങളിൽ രണ്ടു മണിക്കൂർ വൈകി ഓടിച്ചത് ആശ്വാസമായിരുന്നു.