ഒന്നര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് പിടികൂടി

കണ്ണൂർ: ചിറക്കൽ, അഴീക്കോട് പഞ്ചായത്തുകളിൽ തദ്ദേശ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ മൂന്ന് സ്ഥാപനങ്ങളിൽ നിന്നായി ഒന്നര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി. 300 മില്ലി കുടിവെള്ള കുപ്പികൾ ഉൾപ്പെടെയുള്ള ഒറ്റത്തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്.
അഴീക്കോട് വൻകുളത്തുവയലിലെ ന്യൂ മാർക്കറ്റിൽനിന്ന് 300 മില്ലി ലിറ്ററിന്റെ എട്ട് കെയ്സ് നിരോധിത കുപ്പിവെള്ളവും പ്ലാസ്റ്റിക് കാരി ബാഗുകളും പിടികൂടി. ചിറക്കൽ പുതിയതെരു മാർക്കറ്റിലെ നാസ്കോ സ്റ്റോർ, പി.എ സ്റ്റോർ എന്നിവിടങ്ങളിൽ നിന്നായി സ്ക്വാഡ് ഒന്നര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. പ്ലാസ്റ്റിക് കാരി ബാഗ്, പേപ്പർ കപ്പ്, പേപ്പർ വാഴയില, ഡിസ്പോസബ്ൾ പ്ലേറ്റ്, ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് സ്പൂൺ, ഗാർബേജ് ബാഗ്, തെർമോകോൾ പ്ലേറ്റ് എന്നിവയാണ് വിൽപനക്കായി സൂക്ഷിച്ചിരുന്നത്.
നാസ്കോ സ്റ്റോർ പരിശോധനക്കിടയിൽ സമീപ വ്യാപാരികൾ ചേർന്ന് സ്ക്വാഡ് നടപടികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും സ്ക്വാഡ് നടപടികൾ പൂർത്തീകരിച്ചു. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽപനക്കായി സംഭരിച്ച മൂന്നു വ്യാപാര സ്ഥാപനങ്ങൾക്ക് 10,000 രൂപ വീതം പിഴ ചുമത്തുകയും പിടികൂടിയ സാധനങ്ങൾ ശാസ്ത്രീയ സംസ്കരണത്തിനായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറുകയും ചെയ്തു. പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, എൽന, അലൻ ബേബി, സി.കെ. ദിബിൽ, അബ്ദുൽ സമദ്, ഹെൽത്ത് ഇൻസ്പെക്ടർ ജിഷാൻ എന്നിവർ പങ്കെടുത്തു.