എ.കെ.ജി പൈതൃക മ്യൂസിയത്തിന് കെട്ടിടമായി

കണ്ണൂർ:പാവങ്ങളുടെ പടത്തലവൻ എ കെ ജിക്ക് ജന്മനാട്ടിൽ ഒരുങ്ങുന്ന സ്മാരക മ്യൂസിയത്തിന്റെ കെട്ടിടനിർമാണം പൂർത്തിയായി. മ്യൂസിയം സജ്ജീകരണത്തിനായി ബജറ്റിൽ 3.5 കോടി രൂപകൂടി അനുവദിച്ചു. ഈ തുക ഉപയോഗിച്ച് മ്യൂസിയത്തിൽ പ്രദർശന സംവിധാനം ഉടൻ സജ്ജീകരിക്കും. കേരളം ചരിത്ര പൈതൃക മ്യൂസിയം ആണ് പ്രവൃത്തി ഏറ്റെടുത്തത്. ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന പ്രദർശനത്തിൽ എ കെ ജിയുടെ സമരജീവിതം തെളിയും. അഞ്ചരക്കണ്ടിപ്പുഴയോരത്ത് 3.30 ഏക്കറിൽ നിർമിച്ച മ്യൂസിയം കെട്ടിടത്തിന് 11,000 ചതുരശ്ര അടി വിസ്തൃതിയുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയാണ് 6.90 കോടി രൂപ ചെലവിൽ കെട്ടിട നിർമിച്ചത്. വിവിധ ഘട്ടങ്ങളിലായി 17 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. ആധുനിക മ്യൂസിയ സങ്കൽപ്പങ്ങൾ ഉൾകൊള്ളിച്ചുള്ള ഏഴ് ഗ്യാലറികളടങ്ങുന്ന പ്രദർശന സംവിധാനങ്ങൾ, ഓഡിയോ വിഷ്വൽ തിയറ്റർ, കോഫി ഹൗസ് എന്നിവയാണ് മ്യൂസിയത്തിൽ ഒരുക്കുക. എ കെ ജിയുടെ ജീവിത കാലഘട്ടം 12 ഗ്യാലറികളിലൂടെ ഡിജിറ്റൽ മ്യൂസിയം ജനങ്ങളിലെത്തിക്കും. എ കെ ജി നേതൃത്വം നൽകിയ പ്രക്ഷോഭങ്ങൾ, പ്രസംഗങ്ങൾ, ജയിൽ ജീവിതം തുടങ്ങിയവയെല്ലാം ആധുനിക സങ്കേതങ്ങളിലൂടെ പുനരാവിഷ്‌കരിക്കും. എ കെ ജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ കോർത്തിണക്കിയുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ തിയറ്ററും ഉണ്ടാകും. ഗവേഷണത്തിനടക്കം ഉപകരിക്കുന്ന വിപുലമായ ലൈബ്രറിയും ഒരുക്കും. രണ്ടാംഘട്ടത്തിൽ ഓപ്പൺ എയർ ഓഡിറ്റോറിയം, പൂന്തോട്ടം, കളിസ്ഥലം, പ്രഭാത നടത്തത്തിനുള്ള സൗകര്യങ്ങൾ എന്നിവയും വിഭാവനം ചെയ്യുന്നുണ്ട്.