പഠിപ്പിലും തൊഴിലിലും മുന്നില്‍ സ്ത്രീകള്‍ ;ഐ.ടി ജോലിയിൽ 62,650 സ്ത്രീകള്‍

Share our post

തിരുവനന്തപുരം : സംസ്ഥാനത്ത് പഠനത്തിലും തൊഴിലിലും മുന്നേറ്റം സൃഷ്ട്രിച്ച് സ്ത്രീകൾ. ഒന്നാംക്ലാസ് മുതൽ ബിരുദാനന്തരതലംവരെ ഈ വർഷം പ്രവേശനം നേടിയ ആകെ വിദ്യാർഥികളുടെ എണ്ണത്തിന്റെ 50 ശതമാനത്തിനുമുകളിൽ പെൺകുട്ടികളാണ്.ആറുവർഷത്തിനിടയ്ക്ക് പൊതുമേഖലയിലും സ്വകാര്യമേഖലയിലും സ്ത്രീതൊഴിലാളികളുടെ എണ്ണത്തിലും വർധനവുണ്ടായി. പൊലീസ്, എക്സൈസ് വകുപ്പുകളിലും സ്ത്രീകളുടെ തൊഴിലവസരങ്ങൾ വർധിപ്പിച്ചു. 2024ൽ പൊലീസിൽ 239, എക്സൈസിൽ 593, ബീറ്റ് ഓഫീസർമാരിൽ 756 എന്നിങ്ങനെയാണ്‌ നിയമനംലഭിച്ച വനിതകളുടെ എണ്ണമെന്ന്‌ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു.

ഒന്നുമുതൽ ഹയർസെക്കൻഡറി വരെ ക്ലാസുകളിൽ ഈ അധ്യയന വർഷം പ്രവേശനംനേടിയ 40,63,618 വിദ്യാർഥികളിൽ 19,96,130 പേർ പെൺകുട്ടികളാണ്‌. ബിരുദ, ബിരുദാനന്തര കോഴ്സുകളിലെ വാർഷിക പ്രവേശനത്തിലും പെൺകുട്ടികളാണ്‌ മുന്നിൽ. 2,54,118 പെൺ‌കുട്ടികളാണ് ഈ അധ്യയന വർഷം ചേർന്നത്. ആർട്ട്‌സ്‌ ആൻഡ് സയൻസ് കോഴ്സുകളിൽ 2,30,929‍ പെൺകുട്ടികളുണ്ട്.പോളിടെക്നിക് കോഴ്സുകളിൽ ആൺ‌കുട്ടികൾക്കാണ്‌ ഭൂരിപക്ഷം. 12,461 വിദ്യാർഥികളിൽ 3,042പേരാണ്‌ പെൺകുട്ടികൾ. ആരോ​ഗ്യശാസ്ത്ര, അനുബന്ധ കോഴ്സുകളിൽ ഭൂരിഭാ​ഗവും പെൺകുട്ടികളാണ്. 9, 644 വിദ്യാർഥികളിൽ 7,037പേരാണ്‌ പെൺകുട്ടികൾ.

2022–-23, 2023–-24 വർഷം സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന സ്‌ത്രീകളുടെ എണ്ണം കൂടുതലാണ്. സംഘടിത മേഖലയിൽ പൊതുമേഖലയിൽ 1,94,473 സ്ത്രീകളും സ്വകാര്യ മേഖലയിൽ 3,56,415 സ്ത്രീകളുമുണ്ട്. മുൻവർഷത്തേക്കാൾ 150, 2317 എന്നിങ്ങനെയാണ് വർധനവ്.സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽമാത്രം 1,058,02 സ്ത്രീകളുണ്ടെന്നാണ് കണക്ക്. പൊതുമേഖലയിൽ മുന്നിൽ കൊല്ലമാണ്. 51.74 ആണ് ശതമാനം. സർക്കാർ സ്ഥാപനങ്ങളിൽ ഏറ്റവുമധികം വനിതാ ജീവനക്കാരുള്ളത് തിരുവനന്തപുരത്താണ്, 19,975 പേർ. തദ്ദേശഭരണ സ്ഥാപനങ്ങളിലേതിന്‌ പുറമേയാണിത്‌.ഐടി മേഖലയിൽ 62,650 സ്ത്രീകൾ ജോലിചെയ്യുന്നുണ്ട്. സൈബർ പാർക്ക്, ടെക്നോപാർക്ക്, ഇൻഫോപാർക്ക് എന്നിവിടങ്ങളിലെമാത്രം കണക്കാണിത്. സ്റ്റാർട്ടപ്പ് മിഷൻ‌ വഴി തൊഴിൽ ലഭിച്ച 60,000പേരിൽ സ്‌ത്രീകൾ 22,400 പേരാണ്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!