അനന്തുവിന്റെ 21 അക്കൗണ്ടുകൾ മരവിപ്പിച്ചു, ഇന്ന് തെളിവെടുപ്പ്

സ്ത്രീകൾക്ക് പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് പറഞ്ഞ് കോടികൾ തട്ടിയ കേസിൽ മുഖ്യപ്രതി തൊടുപുഴ കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണന്റെ 21 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് പോലീസ്.ഈ അക്കൗണ്ടുകളിലൂടെ 400 കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നു എന്നാണ് കണ്ടെത്തൽ.കസ്റ്റഡിയിലുള്ള അനന്തുവിനെ ഇന്ന് എറണാകുളം ഹൈക്കോടതി ജങ്ഷനിൽ ഇയാൾ താമസിച്ചിരുന്ന രണ്ട് ഫ്ളാറ്റുകളിലും കടവന്ത്രയിൽ അനന്തു കൃഷ്ണന്റെ ഓഫീസായി പ്രവർത്തിച്ച സോഷ്യൽ ബീ വെഞ്ച്വേഴ്സിലും എത്തിച്ച് തെളിവെടുക്കും.
അനന്തുവിന്റെ വാട്‌സാപ്പ് ചാറ്റുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കൾക്ക് ഉൾപ്പെടെ പണം നൽകിയെന്ന് അനന്തു മൊഴി നൽകിയിരുന്നു.2023 അവസാനം ആരംഭിച്ച സ്കൂട്ടർ വിതരണ പദ്ധതി പ്രകാരം ഇനിയും നിരവധി ആളുകൾക്ക് സ്കൂട്ടർ ലഭിക്കാനുണ്ടെന്നും വ്യക്തമായി.എൻ.ജി.ഒ. കോൺഫെഡറേഷനിൽ നിന്ന് പണം വകമാറ്റിയാണ് അനന്തു വിവിധയിടങ്ങളിൽ ഭൂമി വാങ്ങിയത് എന്നും വ്യക്തമായി.തൊടുപുഴ മുട്ടത്തും കുടയത്തൂരിലും സ്ഥലം വാങ്ങി. ഇവിടെത്തന്നെ മറ്റൊരു സ്ഥലത്തിന് അഡ്വാൻസ് കൊടുത്തതും ഒന്നരക്കോടി രൂപ വിനിയോഗിച്ചതും കണ്ടെത്തിയിട്ടുണ്ട്.അതിനിടെ തട്ടിപ്പ് കേസിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതികൾ ഇപ്പോഴും എത്തുന്നുണ്ട്.