പൊതുസ്ഥലത്ത് മാലിന്യം തള്ളൽ: 10,000 രൂപ പിഴ ചുമത്തി

കണ്ണൂർ: തദ്ദേശ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചിറക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യം പൊതുസ്ഥലത്തു തള്ളിയതിന് രണ്ട് സ്ഥാപനങ്ങൾക്ക് 5000 രൂപ വീതം പിഴ ചുമത്തി. പുതിയതെരു ടൗണിനു സമീപത്തായാണ് മാലിന്യം തള്ളിയത്. പുതിയതെരുവിൽ പ്രവർത്തിച്ചുവരുന്ന പി.വി. വെജിറ്റബിൾസ്, എം.എസ് ഇലക്ട്രിക്കൽസ് എന്ന സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ് സംഭവസ്ഥലത്ത് തള്ളിയത്.മാലിന്യം എടുത്തു മാറ്റി ശാസ്ത്രീയമായി സംസ്കരിക്കാനുള്ള നിർദേശം സ്ക്വാഡ് രണ്ടു സ്ഥാപനങ്ങൾക്കും നൽകി. തുടർനടപടികൾ സ്വീകരിക്കാൻ ചിറക്കൽ ഗ്രാമപഞ്ചായത്തിന് നിർദേശം നൽകി. പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗങ്ങളായ അലൻ ബേബി, സി.കെ. ദിബിൽ, ചിറക്കൽ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ എം.എം.വി. ജിഷാൻ തുടങ്ങിയവർ പങ്കെടുത്തു.