ഒന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമം; ഇരിട്ടി അഗ്നിരക്ഷാനിലയത്തിന് ആസ്ഥാന മന്ദിരം ഉയരും

ഇരിട്ടി: ദുരന്തങ്ങളിൽ രക്ഷകരാകുന്ന ഇരിട്ടി അഗ്നിരക്ഷാ നിലയം പ്രവർത്തകരെ ആരു രക്ഷിക്കുമെന്ന ഒന്നര പതിറ്റാണ്ടായുള്ള ആശങ്കകളിൽ ബജറ്റിൽ പ്രതീക്ഷ. അഗ്നിരക്ഷാ നിലയത്തിനു കെട്ടിടം ഉയരാൻ സാഹചര്യം ഒരുങ്ങി. ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ഇരിട്ടി അഗ്നിരക്ഷാ നിലയത്തിന് കെട്ടിടം പണിയാൻ 1.5 കോടി രൂപയുടെ ഭരണാനുമതി ലഭിക്കും വിധം 30 ലക്ഷം രൂപ വകയിരുത്തി. സ്വന്തമായ ആസ്ഥാന മന്ദിരം പണിയാൻ സാധ്യത ഉയർന്നെങ്കിലും നേരത്തേ മരാമത്ത് വിഭാഗം മുഖേന 3.91 കോടി രൂപയുടെ എസ്റ്റിമേറ്റ് തുകയുടെ താഴെ മാത്രമായി ബജറ്റ് വിഹിതം ചുരുക്കിയതിൽ ആശങ്കയും ഉയരുന്നുണ്ട്. 2 ഘട്ടങ്ങളിലായിനിർമാണം വിഭജിച്ചും പ്രവൃത്തിക്കു അനുമതി വാങ്ങാൻ കഴിയുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
2010 ഡിസംബറിലാണ് ഇരിട്ടിയിൽ അഗ്നിരക്ഷാ നിലയം പ്രവർത്തനം ആരംഭിച്ചത്. നേരംപോക്ക് റോഡിൽ ജീർണാവസ്ഥയിൽ ഉണ്ടായിരുന്ന പഴയ ഗവ. ആശുപത്രി കെട്ടിടം നവീകരിച്ചാണ് താൽക്കാലികമെന്ന നിലയിൽ പ്രവർത്തനം തുടങ്ങിയത്. ചെറിയ മഴ പെയ്താൽ പോലും കെട്ടിടത്തിനുള്ളിൽ വെള്ളം കയറും. ഇടുങ്ങിയ മുറികളാണുള്ളത്. നാടിനാകെ രക്ഷകരാകുന്നതിനിടയിൽ 2018, 2019 പ്രളയങ്ങളിൽ അഗ്നിരക്ഷാ നിലയം ഓഫിസിൽ വെള്ളം കയറി ഫയലുകളും ഉപകരണങ്ങളും നശിച്ചിരുന്നു. 64 വർഷം പഴക്കമുള്ള കെട്ടിടത്തിൽ ഭയന്നാണു സേനാംഗങ്ങൾ കഴിയുന്നത്. ജീവനക്കാരുടെ കിടപ്പുമുറിയിൽ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ കെട്ടിടത്തിന്റെ സീലിങ് ഇടിഞ്ഞു വീഴുന്നുണ്ട്.സ്റ്റേഷൻ ഓഫിസർ അടക്കം 34 ജീവനക്കാരുള്ള ഓഫിസിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. കാലപ്പഴക്കത്താൽ മേച്ചിൽ ഷീറ്റുകൾ പൊട്ടി പല ഭാഗങ്ങളിലും ചോർച്ചയുണ്ട്. കോൺക്രീറ്റും വിവിധ സ്ഥലങ്ങളിൽ പൊളിഞ്ഞു വീഴുന്നുണ്ട്. നിലവിൽ പൊളിച്ചു നീക്കേണ്ട പട്ടികയിൽപെട്ട കെട്ടിടത്തിലാണ് എല്ലാ കെട്ടിടങ്ങളുടെയും സുരക്ഷ നോക്കേണ്ട അഗ്നിരക്ഷാ നിലയം പ്രവർത്തകർ കഴിയുന്നതെന്ന വിമർശനവും ശക്തമായിരുന്നു.
കെട്ടിടം പണിയുന്നത് പയഞ്ചേരിയിൽ
3 വർഷം മുൻപ് പയഞ്ചേരിയിൽ അനുവദിച്ചി ഭൂമിയിലാണ് കെട്ടിടം പണിയുന്നത്. ഇവിടെ മരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 1.4 ഏക്കർ സ്ഥലത്തിൽ 40 സെന്റ് ഭൂമിയാണ് വിട്ടു നൽകിയത്. നേരത്തേ കണ്ടെത്തി തത്വത്തിൽ വിട്ടു നൽകാൻ തീരുമാനിച്ച ഈ സ്ഥലം 3 വർഷം നീണ്ട ഫയൽ യുദ്ധത്തിനു ഒടുവിലാണ് 2022 ഒക്ടോബറിൽ ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ നിലനിർത്തി, 2 വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾ പ്രകാരം ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിനു ഉപയോഗാനുമതി നൽകിയത്.