ടൂറിസം പാക്കേജിന്റെ മറവിൽ തട്ടിപ്പ്; 60-ലധികം പേർക്ക് പണം നഷ്ടമായി

കൊച്ചി: ടൂറിസം പാക്കേജിന്റെ മറവിലും കൊച്ചിയിൽ വൻ തട്ടിപ്പ്. കൊച്ചിയിൽ 60-പേരാണ് നിലവിൽ പരാതിയുമായി രംഗത്തുവന്നത്. 50,000 മുതൽ 1.5 ലക്ഷം രൂപവരെ വാങ്ങി ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ഹോട്ടലുകളിൽ ഓഫറിൽ ബുക്കിങ് വാഗ്ദാനം നൽകിയാണ് തട്ടിപ്പിനിരയാക്കിയത്.അംഗങ്ങളാകുന്നവർക്ക് 50,000 രൂപയുടെ സൗജന്യ സ്റ്റേ വൗച്ചർ വാഗ്ദാനം ചെയ്തിരുന്നു. എളമക്കര പോലീസ് സ്റ്റേഷനിലാണ് ആദ്യ കേസെടുത്തിരിക്കുന്നത്. ക്ലബ് ഡബ്ല്യു എന്ന സ്ഥാപനത്തിനെതിരേയാണ് പരാതി. നിശ്ചിത താരിഫിലുള്ള പാക്കേജ് എടുക്കുന്നവർക്ക് ഓഫറുകളും 50,000 രൂപവരെ സ്റ്റേ വൗച്ചറുമായിരുന്നു വാഗ്ദാനം. ഓൺലൈൻ ഹോട്ടൽ ബുക്കിങ് സൈറ്റുകളിലേതിനേക്കാൾ നിരക്ക് കുറവും വാഗ്ദാനം ചെയ്തിരുന്നു.
പാക്കേജിൽ അംഗങ്ങളായവർക്ക് പലർക്കും ഈ ആനുകൂല്യം കിട്ടിയില്ല. തുടർന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടർ അരവിന്ദ് ശങ്കർ, ഡയറക്ടർമാരായ മുബനീസ് അലി, പ്രണവ് എന്നിവരെ ഒന്നുമുതൽ മൂന്നുവരെ പ്രതികളാക്കി കേസെടുത്തു.കിഴക്കമ്പലം സ്വദേശി സി.ആർ. രജത് നൽകിയ പരാതിയിലാണ് നടപടി. സ്റ്റേ വൗച്ചർ നൽകാതെ വന്നപ്പോൾ കമ്പനിയിൽ അടച്ച പണം ആവശ്യപ്പെട്ടെങ്കിലും തിരിച്ചുകിട്ടിയില്ല.ഒന്നാംപ്രതിയും മാനേജിങ് ഡയറക്ടറുമായ അരവിന്ദ് ശങ്കർ സ്വന്തം അക്കൗണ്ടിലേക്ക് പണം സ്വീകരിക്കുകയും തട്ടിപ്പ് നടത്തുകയുമാണെന്ന് കേസിൽ പ്രതി ചേർക്കപ്പെട്ട ഡയറക്ടർമാരിലൊരാൾ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയെ അറിയിച്ചിട്ടുണ്ട്.