സൈബര്‍ തട്ടിപ്പ് തടയാന്‍ ബാങ്കുകള്‍ക്ക് പുതിയ ഇന്റർനെറ്റ് ഡൊമൈന്‍ വരുന്നു

Share our post

ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്നവരില്‍നിന്ന് ഉപയോക്താക്കളെ രക്ഷിക്കാന്‍ പുതിയ ഇന്റര്‍നെറ്റ് ഡൊമൈന്‍ അവതരിപ്പിച്ച് റിസര്‍വ് ബാങ്ക്. പണനയ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് പുതിയ ഇന്റര്‍നെറ്റ് ഡൊമൈന്‍ നടപ്പാക്കുന്ന കാര്യം അറിയിച്ചത്. നിലവില്‍ സാമ്പത്തികരംഗത്തെ സ്ഥാപനങ്ങള്‍ക്കെല്ലാം ഫിന്‍ ഡോട്ട് ഇന്‍ ( fin.in ) എന്ന ഇന്റര്‍നെറ്റ് ഡൊമൈനാണ് ഉപയോഗിക്കാറുള്ളത്.ബാങ്കുകളും മറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുമെല്ലാം ഇതേ ഡൊമൈന്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍നിന്ന് ബാങ്കുകളില്‍ നിന്നാണ് തനിക്ക് സന്ദേശം ലഭിച്ചതെന്നും യഥാര്‍ഥ ബാങ്കിന്റേതായ ലിങ്കാണ് വന്നിരിക്കുന്നതെന്നും പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് പുതിയ ഡൊമൈന്‍.

ഇനി മുതല്‍ രാജ്യത്തെ എല്ലാ അംഗീകൃത ബാങ്കുകളും fin.in എന്ന ഡൊമൈനിനു പകരം ബാങ്ക് ഡോട്ട് ഇന്‍ ( bank.in) എന്ന ഡൊമൈനിലേക്ക് മാറണം.2025 ഏപ്രില്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തിലാകും. ഈ ഇന്റര്‍നെറ്റ് ഡൊമൈന്‍ അംഗീകൃത ബാങ്കുകള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളു. തട്ടിപ്പ് നടത്തുന്നതിന് വേണ്ടി ഉണ്ടാക്കുന്ന വ്യാജ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ബാങ്ക് ഡോട്ട് ഇന്‍ എന്ന ഡൊമൈന്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ ഉപയോക്താക്കള്‍ക്ക് പെട്ടെന്ന് തട്ടിപ്പ് തിരിച്ചറിയാന്‍ സാധിക്കും. ബാങ്കുകളുടേതെന്ന് തെറ്റിധരിപ്പിക്കുന്ന വ്യാജ വെബ്‌സൈറ്റുകളുപയോഗിച്ച് പണം തട്ടുന്ന രീതിക്ക് തടയിടാനാണ് ഈ നീക്കം. യഥാര്‍ഥ ബാങ്കുകളെയും തട്ടിപ്പുകാരെയും തിരിച്ചറിയാന്‍ ഈ രീതി സഹായിക്കുമെന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്.

ഇതിന് പുറമെ രാജ്യത്തിനകത്ത് വെച്ച് നടത്തുന്ന ഓണ്‍ലൈന്‍ പണമിപാടുകള്‍ക്ക് അഡീഷണല്‍ ഫാക്ടര്‍ ഓതന്റിക്കേഷന്‍ ( എ.എഫ്.എ) എന്നൊരു സുരക്ഷാ സംവിധാനം കൂടി ഏര്‍പ്പെടുത്തും. ഓണ്‍ലൈന്‍ ബാങ്കിങ് കൂടുതല്‍ കര്‍ശനമായ സുരക്ഷ ഏര്‍പ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. ഭാവിയില്‍ വിദേശത്തേക്കുള്ള പണമിടപാടിനും ഇത് ബാധകമാക്കിയേക്കാം. ബാങ്കുകളും ബാങ്കുകളല്ലാത്ത ധനകാര്യ സ്ഥാപനങ്ങളും (എന്‍.ബി.എഫ്.സി) നിരന്തരം സൈബര്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുകയും അത്തരം സംഭവങ്ങളില്‍ പണം നഷ്ടപ്പെടുന്നത് തിരികെ പിടിക്കാനുമുള്ള സംവിധാനം കുറ്റമറ്റതാക്കണം. തുടര്‍ച്ചയായി ഇവ പരിശോധിച്ചുറപ്പിക്കുകയും ചെയ്യണമെന്നാണ് ആര്‍.ബി.ഐ. ഗവര്‍ണര്‍ പറയുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!