സ്‌കൂട്ടര്‍ തട്ടിപ്പ്: ഇരയായവരില്‍ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരും

കല്പറ്റ: പാതിവിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിൽ ഇരയായി മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരും. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട് താത്കാലിക പുനരധിവാസത്തിൽ കഴിയുന്നവരോട് പാതിവിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. സന്നദ്ധസംഘടനകളിൽനിന്നും സുമനസ്സുകളിൽനിന്നുമെല്ലാം സഹായമായി കിട്ടിയ തുകയാണ് ദുരന്തബാധിതർ സ്കൂട്ടർ വാങ്ങാനായി നൽകിയത്. മൂന്നുമാസംമുൻപാണ് ഭാര്യയുടെപേരിൽ സ്കൂട്ടർ വാങ്ങാനായി 65,000 രൂപ നൽകിയതെന്നും ഇപ്പോൾ പലയിടങ്ങളിൽ നിന്നും പരാതികൾ ഉയർന്നതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായതെന്നും ദുരന്തബാധിതനായ ചൂരൽമല സ്വദേശി സി.എൻ. പ്രവീൺ പറഞ്ഞു.
ഉരുൾപൊട്ടലിൽ പ്രവീണിന് വീടുൾപ്പെടെ നഷ്ടമായി. താത്കാലികപുനരധിവാസത്തിൽ പ്രവീണും കുടുംബവും വാഴവറ്റിയിലാണ് താമസിക്കുന്നത്. മേപ്പാടിയിൽ പെയ്ന്റിങ് ജോലിക്ക് പോകാനാണ് സ്കൂട്ടർ ബുക്ക്ചെയ്തതെന്നും അപേക്ഷയും പണമിടപാടുമെല്ലാം സർക്കാർ അംഗീകൃത അക്ഷയ കേന്ദ്രം മുഖാന്തരമായതിനാൽ സംശയം തോന്നിയില്ലെന്നും പ്രവീൺ പറഞ്ഞു. ജോലിക്ക് പോകാനും മറ്റുമായാണ് ദുരന്തബാധിതരിൽ പലരും സ്കൂട്ടർ വാങ്ങാനായി പണം നൽകിയത്. ദുരന്തബാധിതരിൽ പത്തിലധികം കുടുംബങ്ങൾ തട്ടിപ്പിനിരയായെന്നാണ് സൂചന. എന്നാൽ പലരും പരാതിപ്പെടാൻ തയ്യാറായിട്ടില്ല. സ്കൂട്ടറും ഗൃഹോപകരണങ്ങളും പാതിവിലയ്ക്ക് നൽകാമെന്നുപറഞ്ഞ് കബളിപ്പിക്കപ്പെട്ടവരുടെ പരാതികൾ ജില്ലയിലും കൂടിവരുകയാണ്. കല്പറ്റ പോലീസ് സ്റ്റേഷനിൽ മൂന്ന് പരാതികളാണ് ഇതുവരെ ലഭിച്ചത്.
അക്ഷയകേന്ദ്രം തുറക്കാനനുവദിക്കാതെ ഇരകൾ
സുൽത്താൻബത്തേരി: മാനിക്കുനിയിലെ അക്ഷയ കേന്ദ്രം തുറക്കാൻ അനുവദിക്കാതെ പ്രതിഷേധവുമായി തട്ടിപ്പിന് ഇരയായ വനിതകൾ. വ്യാഴാഴ്ച രാവിലെ ഒൻപതോടെയാണ് ഇരകളും ബന്ധുക്കളുമടക്കം അറുപതോളംപേർ ബത്തേരി മാനിക്കുനി അക്ഷയ കേന്ദ്രത്തിന് മുന്നിലെത്തിയത്.ഇവർ പണമടച്ചത് ഈ അക്ഷയ കേന്ദ്രം മുഖേനയായിരുന്നു. മുഖ്യസൂത്രധാരൻ അനന്തു കൃഷ്ണൻ കഴിഞ്ഞദിവസം അറസ്റ്റിലായതോടെയാണ് ഇവർ പ്രതിഷേധവുമായി എത്തിയത്. മാനിക്കുനി കേന്ദ്രം നടത്തുന്നയാളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. വീട്ടിൽ അന്വേഷിച്ചപ്പോളും കണ്ടെത്താനായില്ല.
തുടർന്നാണ് കേന്ദ്രത്തിലേക്ക് പ്രതിഷേധവുമായി എത്തിയത്. സ്ഥാപനം തുറക്കാൻ അനുവദിക്കാതിരുന്നതോടെ ബത്തേരി പോലീസെത്തുകയും ഇരകളോട് പരാതി നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. പണം തിരികെ ലഭിക്കണമെന്നാണ് തട്ടിപ്പിനിരയായവരുടെ ആവശ്യം.
ബത്തേരിയിൽ വ്യാഴാഴ്ചമാത്രം 110 പരാതി
സുൽത്താൻബത്തേരി: പകുതിവിലയ്ക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും തയ്യൽയന്ത്രവും നൽകാമെന്ന് വാഗ്ദാനംചെയ്ത് പണം വാങ്ങി വഞ്ചിച്ച സംഭവത്തിൽ ബത്തേരി പോലീസ് സ്റ്റേഷനിൽ വ്യാഴാഴ്ചമാത്രം ലഭിച്ചത് 110 പരാതികൾ. ഇതിൽ ആദ്യം ലഭിച്ച ചൂതുപാറ സ്വദേശിനിയുടെ പരാതിയിൽ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർചെയ്തു. തുടർപരാതിക്കാരെ ഇതിൽ കക്ഷിചേർക്കാനാണ് തീരുമാനം. ബത്തേരി മാനിക്കുനിയിലെ അക്ഷയ സെന്റർ വഴി വുമൺ ഓൺ വീൽസ് പ്രോഗ്രാം എന്നപേരിൽ പ്രൊഫഷൻ സർവീസ് ഇന്നവേഷൻ എന്ന സ്ഥാപനം വനിതകൾക്ക് പകുതിവിലയ്ക്ക് ഇരുചക്രവാഹനം നൽകുന്നുണ്ടെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചതായാണ് പരാതി. പരാതിക്കാരിയിൽനിന്ന് 2024 നവംബർ രണ്ടിന് 65,900 രൂപയും മറ്റുപലരിൽനിന്നായി ഭീമമായ തുകയും കൈപ്പറ്റിയെങ്കിലും വാഹനമോ വാങ്ങിയ പണമോ നൽകിയില്ല. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ അനന്തു കൃഷ്ണന്റെ തട്ടിപ്പും അറസ്റ്റും പുറത്തുവന്നതോടെയാണ് കൂടുതൽ പരാതികളെത്തിയത്. ബത്തേരിയിലെ കേസിൽ ഇയാൾ രണ്ടാംപ്രതിയാണ്.
മാനിക്കുനിയിലെ അക്ഷയ കേന്ദ്രം നടത്തിവരുന്ന മൂലങ്കാവ് സ്വദേശി സോണി ആസാദ് ആണ് ഒന്നാംപ്രതി.സ്‌കൂട്ടർ, ഗൃഹോപകരണങ്ങൾ, തയ്യൽയന്ത്രം തുടങ്ങിയവ പകുതിവിലയ്ക്ക് നൽകാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. സോഷ്യോ ഇക്കണോമിക് ആൻഡ് എൻവിറോൺമെന്റ് ഡിവലപ്‌മെന്റ് സൊസൈറ്റി (സീഡ്) എന്ന ഏജൻസിക്കെതിരേയാണ് കൂടുതൽ പരാതികൾ. മാനന്തവാടി, പനമരം, ബത്തേരി എന്നിവിടങ്ങളിൽ ബ്ലോക്ക് തലത്തിലാണ് ഏജൻസി ഓഫീസുപോലെ പ്രവർത്തിച്ചിരുന്നത്. സൊസൈറ്റിയിൽ അംഗത്വമെടുക്കുന്നതിന് 390 രൂപയും ഗുണഭോക്തൃവിഹിതമായി 600 രൂപയും 5900 രൂപ ഫെസിലിറ്റേഷൻ ഫീസുമായാണ് വാങ്ങിയിരുന്നത്. പിന്നീടാണ് എടുക്കുന്ന സാധനത്തിന്റെ പകുതി വില വാങ്ങിയിരുന്നത്. മാനിക്കുനിയിലെ അക്ഷയ കേന്ദ്രത്തിൽമാത്രം ഇരുനൂറോളംപേർ പണം നൽകിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പരാതികൾ വന്നുകൊണ്ടിരിക്കുന്നുണ്ടെന്നും ലഭിച്ചവയെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണെന്നും പോലീസ് അറിയിച്ചു.മാനന്തവാടി പോലീസ് സ്റ്റേഷനിൽ മാത്രം 150-ഓളംപേർ പരാതിയുമായി എത്തിയിട്ടുണ്ട്. സംഭവത്തിൽ മാനന്തവാടി പോലീസ് മൂന്ന് കേസുകൾ രജിസ്റ്റർചെയ്തു. പുല്പള്ളി സ്റ്റേഷനിൽ 24 പരാതികൾ ലഭിച്ചു. പനമരം സ്റ്റേഷനിൽ രണ്ട് പരാതികളും ലഭിച്ചു.