ബി.എസ്‌.സി. നഴ്‌സിങ്: ഇക്കൊല്ലവും പ്രവേശനപരീക്ഷയുണ്ടാകില്ല

Share our post

തിരുവനന്തപുരം: ബി.എസ്‌സി. നഴ്‌സിങ്ങിന് പ്രവേശനപരീക്ഷ വേണമെന്ന് അഖിലേന്ത്യാ നഴ്‌സിങ് കൗൺസിൽ നിർദേശം ഇക്കൊല്ലവും സംസ്ഥാനത്ത് നടപ്പാക്കില്ല. ജൂൺ 25-നകം പ്രവേശനപരീക്ഷ നടത്തണമെന്നാണ് കൗൺസിൽ നിർദേശിച്ചുള്ളതെങ്കിലും അതുസംബന്ധിച്ച പ്രാഥമിക ആലോചനകൾപോലും സംസ്ഥാനത്ത് തുടങ്ങിയിട്ടില്ല.പ്രവേശനപരീക്ഷയടക്കമുള്ള മാനദണ്ഡങ്ങൾ കർശനമാക്കി വിദ്യാർഥികളുടെ അവസരങ്ങൾ നിഷേധിക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ. വിദേശരാജ്യങ്ങളിലും മറ്റും ഒട്ടേറെ അവസരങ്ങൾ തുറന്നതോടെ കോഴ്സിന് അപേക്ഷകർ ഏറെയാണ്.

നിലവിൽ പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. കഴിഞ്ഞവർഷം ഉയർന്ന മാർക്കുള്ളവർക്ക് മാത്രമാണ് സർക്കാർ സീറ്റുകളിൽ പ്രവേശനം ലഭിച്ചത്. അതിനാൽ, വിദ്യാർഥികളുടെ അക്കാദമികനിലവാരത്തിൽ സംശയമില്ലെന്നും അധികൃതർ പറയുന്നു.നിശ്ചിത സമയത്തിനുള്ളിൽ സംസ്ഥാനങ്ങളിലെ പ്രവേശനപരീക്ഷാ ഏജൻസിയോ സർവകലാശാലയോ ബി.എസ്‌സി. നഴ്‌സിങ് സിലബസിന് അനുബന്ധമായി പ്രവേശനപരീക്ഷ നടത്തണമെന്നാണ് കൗൺസിൽ ആവശ്യപ്പെട്ടത്. ഓഗസ്റ്റ് ഒന്നിന് അടുത്ത അക്കാദമികവർഷത്തെ ക്ലാസ് തുടങ്ങണമെന്നും സെപ്റ്റംബർ 30-നകം പ്രവേശനനടപടികൾ പൂർത്തിയാക്കണമെന്നുമാണ് നിർദേശം.

കേരളത്തിലെ വിദ്യാർഥികൾ ഏറെ ആശ്രിയിക്കുന്ന കർണാടകത്തിൽ പ്രവേശനപരീക്ഷയ്ക്കുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പ്രവേശന പരീക്ഷയ്ക്കുള്ള വിജ്ഞാപനം അവർ പുറപ്പെടുവിച്ചുകഴിഞ്ഞു. അതേസമയം, കഴിഞ്ഞവർഷം തമിഴ്‌നാട്ടിൽ പ്രവേശനപരീക്ഷ ഉണ്ടായിരുന്നില്ല. ഇക്കൊല്ലം ഇതുവരെ അവർ വിജ്ഞാപനമൊന്നും പുറത്തിറക്കിയിട്ടുമില്ല.

മറ്റു സംസ്ഥാനങ്ങളുമായും ആലോചിക്കും – ആരോഗ്യമന്ത്രി

പ്രവേശനപരീക്ഷ നടത്തുന്നത് ഒട്ടേറെ വിദ്യാർഥികളുടെ ഉപരിപഠന പ്രതീക്ഷയെ ബാധിക്കും. പ്രവേശനപരീക്ഷാ പരിശീലനവും മറ്റും അതിന്റെ ഭാഗമായി പൊട്ടിമുളയ്ക്കുന്നതോടെ അതിന് കഴിയാത്ത സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവരുടെ അവസരങ്ങളാകും നഷ്ടമാവുക. അതിനാൽ കൂടുതൽ ചർച്ചകൾക്കുശേഷമേ പ്രവേശനപരീക്ഷയും മറ്റും മാനദണ്ഡമാക്കാനാകൂ. മറ്റു സംസ്ഥാനങ്ങളുമായും ഇക്കാര്യം ചർച്ചചെയ്യും. ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!