മകളുടെ പിറന്നാളിന് 13 ലക്ഷം ചെലവഴിച്ച് പാർക്ക് നിർമിച്ച് പിതാവ്

Share our post

തളിപ്പറമ്പ്: ഭിന്നശേഷിക്കാരിയായ ഏക മകളുടെ 13ാം പിറന്നാളിന് അവൾ ഏറെ ഇഷ്ടപ്പെടുന്ന സമ്മാനമാണ് കുറുമാത്തൂർ സ്വദേശി കെ.ശറഫുദ്ദീൻ നൽകിയത്. മറ്റു കുട്ടികളെപ്പോലെ വീടിന് പുറത്തുപോകാൻ കഴിയാത്ത ഷിഫ ഫാത്തിമയ്ക്ക് എപ്പോഴും കൂട്ടുകാർക്കൊപ്പം കളിക്കാൻ വീടിന് സമീപം മനോഹരമായ ഒരു പാർക്കാണ് ശറഫുദ്ദീനും ഭാര്യ ഫാത്തിമയും നിർമിച്ച് നൽകിയത്. പാർക്കിന്റെ ഉദ്ഘാടനം 8ന് 10ന് ഇരുകൈകളുമില്ലാത്ത, ഗിന്നസ് റിക്കാർഡ് നേടിയിട്ടുള്ള അസീം വെളിമണ്ണ നിർവഹിക്കും. കുറുമാത്തൂർ– തളിപ്പറമ്പ് മേഖലകളിലെ 200ൽ അധികം ഭിന്നശേഷിക്കാരായ കുട്ടികളും ചടങ്ങിൽ പങ്കെടുക്കും.

3ന് ആയിരുന്നു ഷിഫ ഫാത്തിമയുടെ പിറന്നാ‍ൾ. അന്നു തിങ്കളാഴ്ചയായതിനാൽ ബഡ്സ് സ്കൂളിലും മറ്റുമുള്ള ഷിഫയുടെ കൂട്ടുകാർക്ക് പങ്കെടുക്കാൻ സാധിക്കാത്തതിനാൽ ഉദ്ഘാടനം അവധി ദിവസമായ എട്ടിലേക്ക് മാറ്റുകയായിരുന്നു.വീടിനോട് ചേർന്ന 15 സെന്റോളം സ്ഥലത്താണു 13 ലക്ഷത്തോളം രൂപ ചെലവഴിച്ച് പാർക്ക് നിർമിച്ചത്. ഊഞ്ഞാലുകളും സീസോയും ആടുന്ന കുതിരയും കസേരകളും ഉൾപ്പെടെയുള്ളവ ഇവിടെയുണ്ട്. പുൽത്തകിടിയും ഒരുക്കി.

മകൾക്കു മറ്റും കുട്ടികൾക്കൊപ്പം ഉല്ലസിക്കാനും പരിമിതികൾ മറികടക്കാനുമാണ് പാർക്ക് നിർമിച്ചതെന്നു ശറഫുദ്ദീൻ പറഞ്ഞു. കുറുമാത്തൂർ യുപി സ്കൂളിലെ 6ാം ക്ലാസ് വിദ്യാർഥിയാണ് ഷിഫ. സാമൂഹിക പ്രവർത്തകരായ നാജ് അബ്ദുറഹ്മാൻ, സാമ അബ്ദുല്ല എന്നിവരും ഷറഫുദ്ദീന് സഹായമായി കൂടെയുണ്ടായിരുന്നു. ഉദ്ഘാടനച്ചടങ്ങിൽ സജീവ് ജോസഫ് എം.എൽ.എയും പങ്കെടുക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!