പ്രബുദ്ധ മലയാളി വീണ്ടും തട്ടിപ്പിന് തലവെച്ചു; ഓണക്കിറ്റിലൂടെ വിശ്വാസ്യത നേടി, അടിമുടി തട്ടിപ്പ്

Share our post

കണ്ണൂർ: 3000 രൂപയുടെ പലചരക്ക് കിറ്റ് പാതിവിലക്ക് നല്‍കിയാണ് തട്ടിപ്പ് സംഘത്തിന്റെ തുടക്കം. സ്കൂള്‍ ബാഗുകളും വാട്ടർ പ്യൂരിഫയറും തയ്യല്‍ മെഷീനും വാട്ടർ ടാങ്കുമെല്ലാം ഇങ്ങനെ വിലകുറച്ച്‌ നല്‍കി ശ്രദ്ധപിടിച്ചുപറ്റി.ഒടുവില്‍ 1,20,000 രൂപയുടെ സ്കൂട്ടർ പാതിവിലക്ക് നല്‍കുന്ന തട്ടിപ്പ് പുറത്തെടുത്തു. നൂറുകണക്കിന് പേർ ഓഫറില്‍ വിശ്വസിച്ചു. പലരും സ്കൂട്ടറിന്റെ പാതിവിലയായ 60,000 രൂപ ഉടൻ അടച്ചു. പാതിവിലക്ക് സ്കൂട്ടർ നല്‍കുന്നതിന് 200 രൂപയുടെ മുദ്രപത്രത്തില്‍ കരാറുമുണ്ടാക്കി. എല്ലാറ്റിനും സർക്കാർ സംവിധാനത്തിന്റെ സ്വഭാവം.

പണമടച്ചവരെയും അല്ലാത്തവരെയും കണ്ണൂരിലെ വലിയൊരു ഹാളിലേക്ക് ഇവർ വിളിപ്പിച്ചു. വിവിധ കമ്ബനികളുടെ സ്കൂട്ടർ നിരത്തിവെച്ചത് കണ്ടപ്പോള്‍ ആർക്കും ഒരു സംശയവും തോന്നിയില്ല. 100 ദിവസത്തിനകം സ്കൂട്ടർ നല്‍കുമെന്ന വാഗ്ദാനം ലംഘിക്കപ്പെട്ടപ്പോഴാണ് കേരളം കണ്ട ഏറ്റവും വലിയൊരു തട്ടിപ്പാണിതെന്ന് പണം നല്‍കിയവർ അറിയുന്നത്.

സ്ത്രീകള്‍ കൂടുതല്‍ ജോലിചെയ്യുന്ന ഇടങ്ങളില്‍ ജനപ്രതിനിധികളുടെകൂടി ഒത്താശയോടെയാണ് തട്ടിപ്പ് സംഘം സഞ്ചരിച്ചത്. ഇവരുടെ വാട്സ്‌ആപ് ഗ്രൂപ്പില്‍ അംഗമാവുകയാണ് ആദ്യ കടമ്പ. അതിന് അംഗത്വ ഫീസായി 350 രൂപ ഈടാക്കി. ഓഫറുകളുടെ പെരുമഴയാണ് വാട്സ്‌ആപ് ഗ്രൂപ് മുഴുവൻ.

സ്കൂട്ടറിന് 60,000 രൂപ നല്‍കിയതിന്റെ മുദ്രപത്രം നോട്ടറി സാക്ഷ്യപ്പെടുത്തണമെന്ന വകയില്‍ 500 രൂപ വേറെയും ഈടാക്കി. മെംബർമാരുടെ യോഗത്തില്‍ പങ്കെടുക്കാൻ തട്ടിപ്പ് കേസിലെ പ്രധാനിയായ അനന്തു കൃഷ്ണനും കണ്ണൂരില്‍ പലതവണ വന്നു. ജില്ലയിലെ ചില എം.എല്‍.എമാരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

സ്വർണം പണയംവെച്ചാണ് അഴീക്കോട് സ്വദേശിനിയായ സിന്ധു പണം നല്‍കിയത്. പണയംവെച്ച തുക മതിയാവാത്തതിനാല്‍ കുട്ടികളുടെ ആഭരണം വിറ്റ കഥയാണ് വളപട്ടണം സ്വദേശിനി പങ്കുവെച്ചത്. 100 ദിവസം കഴിഞ്ഞിട്ടും സ്കൂട്ടർ കിട്ടാതെ വന്നപ്പോള്‍ പ്രതികരിച്ചവരെ ഗ്രൂപ്പില്‍നിന്ന് ഒഴിവാക്കി. കേസ് നല്‍കിയാല്‍ പണം കിട്ടില്ലെന്ന് പറഞ്ഞുള്ള ഭീഷണി വേറെ. കണ്ണൂരില്‍നിന്ന് 10 കോടിയിലേറെ തുക പിരിച്ചെന്നാണ് നിഗമനം. കൂടുതല്‍ പരാതിക്കാർ അടുത്ത ദിവസങ്ങളില്‍ വരുമ്പോള്‍ സംഖ്യ കൂടുമെന്നാണ് പൊലീസ് കണക്കുകൂട്ടല്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!