കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിങ് പരാതി;11 എം.ബി.ബി.എസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളെ റാഗ് ചെയ്ത സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ. പതിനൊന്ന് രണ്ടാം വർഷ വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്. ഒന്നാം വർഷ വിദ്യാർഥികൾ നൽകിയ പരാതിയിന്മേലാണ് നടപടി.കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ വെച്ച് സീനിയർ വിദ്യാർഥികൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നായിരുന്നു ജൂനിയർ വിദ്യാർത്ഥികളുടെ പരാതി. പരാതിയിൽ അന്വേഷണം നടത്തിയ അഞ്ചംഗ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികൾക്കെതിരെ പ്രിൻസിപ്പൽ നടപടി സ്വീകരിച്ചത്. തുടർ നടപടികൾക്കായി മെഡിക്കൽ കോളജ് പൊലീസിനു പ്രിൻസിപ്പൽ റിപ്പോർട്ട് കൈമാറി.