പാർട് ടൈം ജോലി വാഗ്ദാനത്തിൽ വീണു : ചക്കരക്കൽ സ്വദേശിനിയുടെ 84 ലക്ഷം നഷ്ടം

കണ്ണൂർ: പാർടൈം ജോലി വാഗ്ദാനം ചെയ്ത് 84 ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. ചക്കരക്കല്ല് സ്വദേശിനിയായ 57 കാരിയുടെ പരാതിയിലാണ് കണ്ണൂർ സൈബർ പൊലീസ് കേസെടുത്തത്. 2024 ജൂലായ് മാസം തൊട്ടാണ് ഇവർ പണം നൽകിയത്.പാർട് ടൈം ജോലിയുമായി ബന്ധപ്പെട്ട് വാട്സപ്പിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അവർ പറഞ്ഞ ഫോം പൂരിപ്പിച്ച് നൽകുകയായിരുന്നു. ജോലിക്ക് സെലക്ഷൻ കിട്ടാൻ ആദ്യം മൂന്ന് ടാസ്കുകൾ ഇവർക്ക് ലഭിച്ചിരുന്നു. ഇതിൽ വിജയിച്ചതോടെ ചെറിയ തുക അക്കൗണ്ടിലേക്ക് അയച്ചുനൽകി. വലിയ തുക ലഭിക്കുന്ന ടാസ്കുകൾ ചെയ്യുന്നതിന് പണം അയക്കണമെന്ന വാഗ്ദാനത്തിൽ വീണതോടെയാണ് വീട്ടമ്മ കബളിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ഡിസംബർ 31 വരെയുള്ള കാലയളവിൽ പല തവണകളായി 84 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.