ഉയരാം പറക്കാം’: 12,000 പെൺകുട്ടികൾക്ക് സ്‌കിപ്പിംഗ് റോപ്പ് നൽകി ജില്ലാ പഞ്ചായത്ത്

Share our post

‘ഉയരാം പറക്കാം’ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ സ്‌കിപ്പിംഗ് റോപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചട്ടുകപാറ ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി നിർവഹിച്ചു. മൂന്ന് ഘട്ടങ്ങളിലായി ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 72 സ്‌കൂളുകളിലായി 12,000 സ്‌കിപ്പിംഗ് റോപ്പുകൾ പദ്ധതിയിൽ വിതരണം ചെയ്തു.സ്‌കൂളുകളിലെ എട്ട്, ഒൻപത് ക്ലാസുകളിലുള്ള പെൺകുട്ടികളുടെ കായികശേഷി വർധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കുട്ടികളിൽ ജീവിത ശൈലീ രോഗങ്ങൾ ഉൾപ്പെടെ കണ്ടുവരുന്ന സാഹചര്യത്തിൽ അവരുടെ കായിക ശേഷി വർധിപ്പിക്കുക എന്നത് പ്രധാനമാണ്. കുട്ടികളെ ലഹരി, മൊബൈൽ ഫോണിന്റെ അമിത ഉപയോഗം പോലുള്ള ദുശ്ശീലങ്ങളിൽ നിന്നും പിന്തിരിപ്പിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ഇത്തരം കായിക പദ്ധതികൾ സഹായകമാകുമെന്നും പ്രസിഡന്റ് പറഞ്ഞു.

വിദ്യാർഥിനികൾ പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും സ്‌കിപ്പിംഗ് റോപ്പുകൾ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ആരംഭിച്ച പദ്ധതിയാണിത്. ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇൻ ചാർജ് എ.എസ് ബിജേഷ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എൻ.വി ശ്രീജിനി, കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റെജി, വാർഡ് മെമ്പർ പി ഷീബ, സ്‌കൂൾ പ്രിൻസിപ്പൽ എ.വി ജയരാജൻ, പ്രധാനധ്യാപകൻ എം.സി ശശീന്ദ്രൻ, പി.ടി.എ പ്രസിഡന്റ് കെ പ്രിയേഷ് കുമാർ, മദർ പിടിഎ പ്രസിഡന്റ് ശ്രീലിഷ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!