ജില്ലയിൽ മൂന്ന് സ്‌മാർട്ട് അങ്കണവാടികൾ തുറന്നു

കണ്ണൂർ:ജില്ലയിൽ മൂന്ന് അങ്കണവാടികൾകൂടി സ്‌മാർട്ടായി. പഠനമുറി, വിശ്രമമുറി, ഭക്ഷണ മുറി, അടുക്കള, സ്റ്റോർ റൂം, ഇൻഡോർ ഔട്ട്ഡോർ പ്ലേ ഏരിയ, ഹാൾ, പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളുമായാണ് സ്മാർട്ട് അങ്കണവാടികൾ തുറന്നത്. വനിതാ, ശിശുവികസന വകുപ്പ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച നാറാത്ത് പഞ്ചായത്തിലെ കാക്കത്തുരുത്തി, മട്ടന്നൂർ നഗരസഭയിലെ ദേവർകാട്, ഇല്ലംഭാഗം സ്മാർട്ട് അങ്കണവാടികളാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തത്. മന്ത്രി വീണാ ജോർജ് അധ്യക്ഷയായി. കാക്കത്തുരുത്തിയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ, വൈസ് പ്രസിഡന്റ് കെ ശ്യാമള, ജില്ലാ പഞ്ചായത്തംഗം കെ താഹിറ, ബ്ലോക്ക് പഞ്ചായത്തംഗം എം നികേത്, കെ. എൻ മുസ്തഫ, വി ഗിരിജ, കാണി ചന്ദ്രൻ, വി വി ഷാജി, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസർ സി.എ ബിന്ദു, ബി.ഡി.ഒ സുനിൽകുമാർ, ഐ.സി.ഡി.എസ്, സി.ഡി.പി.ഒ കെ, നിർമല തുടങ്ങിയവർ സംസാരിച്ചു. ദേവർകാട്, ഇല്ലംഭാഗം സ്മാർട്ട് അങ്കണവാടികളുടെ ഉദ്ഘാടനച്ചടങ്ങിൽ കെ.കെ ശൈലജ എം.എൽ.എ, നഗരസഭാ ചെയർമാൻ എൻ ഷാജിത്ത്, വൈസ് ചെയർമാൻ ഒ. പ്രീത, കൗൺസിലർ പി. രജിന തുടങ്ങിയവർ സംസാരിച്ചു.