പോളിയില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്; തുകയും അവസാന തീയതിയും അറിയാം

Share our post

സര്‍ക്കാര്‍/ എയ്ഡഡ്/ സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളില്‍ മൂന്നു വര്‍ഷ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥിനികള്‍ക്ക് (മുസ്ലീം, ക്രിസ്ത്യന്‍ (എല്ലാ വിഭാഗക്കാര്‍ക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) 2024- 25 സാമ്ബത്തിക വര്‍ഷം എപിജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10 വരെ നീട്ടി.കേരളത്തില്‍ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. 6,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുകയായി അനുവദിക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളില്‍ മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കും. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മതവിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള എ.പി.എല്‍ വിഭാഗത്തെയും പരിഗണിക്കും.

രണ്ടാം വര്‍ഷക്കാരേയും മൂന്നാം വര്‍ഷക്കാരേയും സ്‌കോളര്‍ഷിപ്പിനായി പരിഗണിക്കും. ഒറ്റത്തവണ മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കുകയുളളൂ. കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ച്‌ ലഭിച്ചവര്‍ ഈ വര്‍ഷം അപേക്ഷിക്കേണ്ടതില്ല.30% സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെണ്‍കുട്ടികള്‍ ഇല്ലാത്തപക്ഷം അര്‍ഹരായ ആണ്‍കുട്ടികളേയും സ്‌കോളര്‍ഷിപ്പിന് പരിഗണിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാത്കൃത ബാങ്ക്/ ഷെഡ്യൂള്‍ഡ് ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ലെ സ്‌കോളര്‍ഷിപ്പ് മെന്യൂ ലിങ്ക് മുഖേനയോ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ ഫീല്‍ഡുകള്‍ പൂര്‍ണമായി പൂരിപ്പിച്ച്‌ നിര്‍ദിഷ്ട രേഖകള്‍ അപ്ലോഡ് ചെയ്ത് പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളില്‍ സ്ഥാപനമേധാവിയ്ക്ക് സമര്‍പ്പിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!