പുകയില ഉപയോഗം: ചികിത്സയ്ക്കായി രജിസ്റ്റര്‍ ചെയ്തത് പത്ത് ലക്ഷം പേര്‍

Share our post

പുകയില ഉപയോക്താക്കളെ കണ്ടെത്തി ആവശ്യമായ കൗണ്‍സലിങ്ങും ചികിത്സയും നല്‍കുന്ന പദ്ധതിയില്‍ ഇതുവരെ രജിസ്റ്റര്‍ചെയ്തവരുടെ എണ്ണം 10,69,485. സംസ്ഥാന സര്‍ക്കാരിന്റെ ‘അമൃതം ആരോഗ്യം’ പദ്ധതിയുടെ ഭാഗമായി ആശാവര്‍ക്കര്‍മാര്‍ നടത്തിയ ‘ശൈലി’ സര്‍വേയിലാണ് ഇത്രയുംപേരെ കണ്ടെത്തിയത്. ഓരോ പഞ്ചായത്ത് പരിധിയിലും പുകയില ഉപയോഗിക്കുന്നവരെ ആശാവര്‍ക്കര്‍മാര്‍ കണ്ടെത്തുന്ന മുറയ്ക്കാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കുന്നത്.

പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍പേരെ രജിസ്റ്റര്‍ ചെയ്യിപ്പിക്കാനായതാണ് നേട്ടം. തുടര്‍ന്ന്, രണ്ടാംഘട്ടവും തുടങ്ങുകയായിരുന്നു. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കൗണ്‍സലിങ് നല്‍കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നത്. രണ്ടാംഘട്ടത്തില്‍ പുകവലിക്കാന്‍ തോന്നുന്ന സമയങ്ങളില്‍ ഇവര്‍ക്ക് മരുന്നുനല്‍കും. ഭാവിയില്‍ മരുന്ന് പൂര്‍ണമായും ഒഴിവാക്കി പുകയില ഉപയോഗം തടയാനാണ് ലക്ഷ്യമിടുന്നത്.

ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് ജില്ലകള്‍തോറുമുള്ള ജനകീയാരോഗ്യകേന്ദ്രങ്ങളിലാണ് ചികിത്സ നല്‍കുന്നത്. ശ്വാസ് ക്ലിനിക്കുകള്‍, ജീവിതശൈലീരോഗ നിയന്ത്രണ ക്ലിനിക്കുകള്‍, മാനസികാരോഗ്യ ക്ലിനിക്കുകള്‍ എന്നിവിടങ്ങളിലും ചികിത്സ ലഭിക്കും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള ‘ദിശ’യുടെ നമ്പറുകളില്‍ (1056/ 0471 2552056) വിളിച്ച് ഡോക്ടര്‍മാര്‍, സൈക്കോളജിസ്റ്റ്, സൈക്ക്യാട്രിസ്റ്റ് എന്നിവരുടെ സേവനവും ഉപയോഗിക്കാനാകും. എങ്കിലും ആശാവര്‍ക്കര്‍മാര്‍ നേരിട്ട് വീടുകളിലെത്തി ചികിത്സയെക്കുറിച്ച് ബന്ധപ്പെട്ടവരുമായി സംസാരിക്കുന്നതിനാല്‍ കൂടുതല്‍പേരെ പദ്ധതിയുടെ ഭാഗമാക്കാനായെന്നാണ് കണ്ടെത്തല്‍. രണ്ടാംഘട്ടത്തില്‍ 23 ലക്ഷം പേര്‍ക്ക് കൗണ്‍സലിങ്ങും ചികിത്സയും നല്‍കാനാണ് ലക്ഷ്യമിടുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!