സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍ തുടരും

Share our post

കണ്ണൂർ: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍ തുടരും. പാര്‍ട്ടി ജില്ലാ സമ്മേളനമാണ്‌ ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്‌. നേരത്തേ ആരോഗ്യപ്രശ്നങ്ങൾ കാരണം ഒഴിവാക്കണമെന്ന് അദ്ദേഹം സംസ്ഥാനനേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് രണ്ടാം തവണയാണ് എം.വി ജയരാജൻ ജില്ലാ സെക്രട്ടറിയായെത്തുന്നത്.

50-അം​ഗ ജില്ലാ കമ്മിറ്റിയിൽ പതിനൊന്ന് പുതുമുഖങ്ങളുണ്ട്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, എം.വി നികേഷ് കുമാർ എന്നിവർ ജില്ലാ കമ്മിറ്റിയിലെത്തി. നികേഷ് കുമാർ നേരത്തേ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു. ഡി.വൈ.എഫ്.ഐ യുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, സെക്രട്ടറി സരിൻ ശശി, കെ.ജനാർദനൻ, സി.കെ രമേശൻ, എൻ അനിൽ കുമാർ, സി എം കൃഷ്ണൻ, പി ഗോവിന്ദൻ,വി കുഞ്ഞികൃഷ്ണൻ എന്നിവരും ജില്ലാ കമ്മിറ്റിയിലെത്തി.

2019- ലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജൻ ജില്ലാ സെക്രട്ടറിസ്ഥാനത്തേക്കെത്തിയത്. സെക്രട്ടറിയായിരുന്ന പി. ജയരാജൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ സ്ഥാനാർഥിയായപ്പോഴായിരുന്നു ഇത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പി. ജയരാജന് സ്ഥാനം തിരിച്ചുനൽകിയില്ല. പിന്നീട് നടന്ന ജില്ലാ സമ്മേളനവും സെക്രട്ടറിസ്ഥാനത്ത് എം.വി. ജയരാജൻ തുടരാൻ തീരുമാനിച്ചു.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പാർട്ടി സംസ്ഥാനസമിതി അംഗവുമായ കെ.കെ. രാഗേഷ്, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം.വി. ജയരാജൻ സ്ഥാനാർഥിയായപ്പോൾ സെക്രട്ടറിയുടെ ചുമതല വഹിച്ച ടി.വി. രാജേഷ് എന്നിവരുടെ പേരുകൾ ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് പരി​ഗണിക്കുന്നതായും സൂചനകളുണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!