ഒന്നാം ക്ലാസില്‍ പാഠപുസ്തകവും എന്‍ട്രന്‍സ് പരീക്ഷയും വേണ്ട,സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി

Share our post

തിരുവനന്തപുരം: ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് കച്ചവട താല്‍പ്പര്യത്തോടെ ചില സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത്തരം സ്‌കൂളുകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തിലും കച്ചവട മനോഭാവത്തില്‍ സ്‌കൂളുകള്‍ നടത്തുന്ന ഒരു കൂട്ടം സ്ഥാപനങ്ങള്‍ ഉണ്ട്. ഊഹം ശരിയാണെങ്കില്‍ ചില സ്‌കൂളുകളില്‍ ഒന്നാം ക്ലാസ്സിന്റെ അഡ്മിഷന്‍ ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു. ഒന്നാം ക്ലാസ്സിന്റെ അഡ്മിഷന്‍ ആരംഭിച്ചത് മാത്രമല്ല, കുട്ടിക്ക് എന്‍ട്രന്‍സ് പരീക്ഷയും കൂടി ഉണ്ട്. അത് കേരളത്തില്‍ അംഗീകരിച്ച് കൊടുക്കാന്‍ കഴിയുന്ന കാര്യമല്ല. ബാലപീഡനമാണ് നടക്കുന്നത്. അത് കഴിഞ്ഞിട്ട് രക്ഷകര്‍ത്താവിന് ഒരു ഇന്റര്‍വ്യു ഉണ്ട്. ഇക്കാര്യങ്ങള്‍ ശരിയല്ല. ഒന്നാം ക്ലാസ്സില്‍ അക്കാഡമിക് ആയി ഒരു കാര്യവും പഠിപ്പിക്കില്ല എന്നാണ് ഇപ്പോള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നത്.

പാഠപുസ്തകവും വേണ്ട, എന്‍ട്രന്‍സ് പരീക്ഷയും വേണ്ട, അവന്‍ സന്തോഷത്തോടുകൂടി സ്‌കൂളില്‍ വരട്ടെ, അവന്‍ പ്രകൃതിയെ മനസ്സിലാക്കട്ടെ, അവന്‍ ഭരണഘടനയുടെ കാര്യങ്ങള്‍ മനസ്സിലാക്കട്ടെ, ഒരു പൗരന്‍ എന്ന നിലയില്‍ വളര്‍ന്നു വരുമ്പോള്‍ ശീലിക്കേണ്ട കാര്യങ്ങള്‍ മനസ്സിലാവട്ടെ. ലോകത്തിലെ പല രാജ്യങ്ങളിലും ഒന്നാം ക്ലാസ്സുകളില്‍ ഒരു സിലബസ്സും ഇല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.ഗവ. സ്‌കൂള്‍ ആയാലും സ്വകാര്യ സ്‌കൂള്‍ ആയാലും, പി ടി എ ഫീസ് വാങ്ങുന്നത് കുറച്ച് കൂടുതലാണ്. ഓരോ ക്ലാസ്സിലും നൂറ് രൂപ അമ്പത് രൂപ വെച്ച് വാങ്ങുന്നത് മനസ്സിലാക്കാം . ഇവിടെ 2500, 3000, 5000 വരെ വാങ്ങുന്ന സ്ഥാപനങ്ങള്‍ ഉണ്ട് എന്ന കാര്യം എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കര്‍ശന നടപടി അത്തരം സ്‌കൂളുകള്‍ക്ക് എതിരെ എടുക്കും. അത്തരം പിടിഎ ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന പ്രശ്നം ഇല്ല. കര്‍ശന നിലപാട് അക്കാര്യത്തില്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!