പകുതിവിലക്ക് ഇരുചക്ര വാഹനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പരാതിയുമായി നിരവധി പേർ

കണ്ണൂർ: പകുതി വിലയ്ക്ക് ഇരുചക്ര വാഹനവും ഗൃഹോപകരണങ്ങളും നൽകാമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ചെന്ന പരാതിയുമായി നിരവധി സ്ത്രീകൾ രംഗത്ത്.കുറ്റ്യാട്ടൂർ, മയ്യിൽ, കൊളച്ചേരി പ്രദേശങ്ങൾ ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം സ്ത്രീകൾ തട്ടിപ്പിൽ കുടുങ്ങിയിട്ട് ഉണ്ടെന്നും വരും ദിവസങ്ങളിൽ പരാതികളുടെ എണ്ണം വർധിക്കുമെന്നും പോലീസ് കരുതുന്നു.തട്ടിപ്പിന് ചുക്കാൻ പിടിച്ചെന്ന് കരുതുന്നവരിൽ ഒരാളെ കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.തൊടുപുഴ കുടയത്തൂർ കോളപ്ര ചൂരകുളങ്ങര വീട്ടിൽ അനന്തു കൃഷ്ണൻ (26) ആണ് പിടിയിലായത്. സീഡ് സൊസൈറ്റിയുടെ പ്രമോട്ടർമാർ എന്ന പേരിലാണ് തട്ടിപ്പുകാർ അപേക്ഷകരെ സമീപിച്ചത്.അപേക്ഷയോടൊപ്പം പാതിവില നൽകിയാൽ മൂന്ന് മാസത്തിനകം വാഹനം ലഭ്യമാക്കും എന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച് ഒട്ടേറെപ്പേർ 50,000 മുതൽ 60,000 രൂപ വരെ നിക്ഷേപിച്ചു.അനന്തുകൃഷ്ണന്റെ പേരിലുള്ള സ്വകാര്യ കമ്പനികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് ആയിരുന്നു പണം എത്തിയിരുന്നത്.
എന്നാൽ, കാലാവധി കഴിഞ്ഞിട്ടും വാഹനം ലഭിക്കാതെ വന്നതോടെയാണ് സ്ത്രീകൾ പോലീസ് സ്റ്റേഷനിൽ എത്തിയത്.ജില്ലയിൽ 2024 ജനുവരിയിലാണ് സൊസൈറ്റി പ്രവർത്തനം തുടങ്ങിയത്. ഇരിക്കൂർ, എടക്കാട്, കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ കേന്ദ്രീകരിച്ചാണ് പ്രവർത്തനം.സ്ത്രീ ശാക്തീകരണത്തിനായി സാമൂഹിക സംരംഭകത്വ വികസന പദ്ധതി പ്രകാരമാണ് പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകുന്നതെന്നാണ് തട്ടിപ്പുകാർ നടത്തുന്ന പ്രചാരണം.വൻകിട കമ്പനികളുടെ സാമൂഹിക പ്രതിബദ്ധത (സി എസ് ആർ) ഫണ്ട് ഉപയോഗിച്ചാണ് വാഹനത്തിനുള്ള ബാക്കി തുക കണ്ടെത്തുന്നതെന്നാണ് പ്രചരിപ്പിച്ചത്.അന്വേഷണത്തിൽ ഒരു വൻകിട കമ്പനിയും പദ്ധതിക്ക് സി എസ് ആർ ഫണ്ട് നൽകിയതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ആളുകൾ അപേക്ഷയുടെ കൂടെ അടക്കുന്ന തുകയുടെ ഒരംശം കൊണ്ട് കുറച്ച് പേർക്ക് വാഹനങ്ങൾ നൽകി അത് പരസ്യപ്പെടുത്തി ആയിരുന്നു കൂടുതൽ പേരെ കുടുക്കിയത്.തയ്യൽ യന്ത്രം, ജല സംഭരണി, ജൈവ വളം പോലുള്ള ചെറിയ സാധനങ്ങൾ വിതരണം ചെയ്താണ് ആദ്യം വിശ്വാസം ആർജിച്ചത്.