ബസ് പെർമിറ്റ്: മുന്നിലും പിറകിലും മൂന്ന് ക്യാമറ,സ്ഥലവിവരമടങ്ങിയ ബോർഡ്, ഡ്രൈവറുടെ ക്ഷീണമറിയാനും ക്യാമറ

പുതിയ ബസ് പെർമിറ്റിന് ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ്‌സ് (എ.ഐ.എസ്.) 052 ബോഡി കോഡ് പ്രകാരമുള്ള പുതിയ വാഹനം നിർബന്ധമാക്കി ഗതാഗതവകുപ്പ്. സംസ്ഥാനമൊട്ടുക്കും നിയോജകമണ്ഡലാടിസ്ഥാനത്തിൽ നടത്തിയ ജനകീയസദസ്സിന്റെ ഭാഗമായി അനുവദിച്ച പുതിയ ബസ്‌റൂട്ടുകളിൽ പെർമിറ്റ് അനുവദിക്കുന്നതിനാണ് ഈ നിബന്ധന. ബസിനുള്ളിലും മുന്നിലും പുറകിലുമായി മൂന്ന് ക്യാമറ, മുന്നിലും പുറകിലും ഇടതുവശത്തും സ്ഥലവിവരം വെളിപ്പെടുത്തുന്ന ഡിജിറ്റൽ ബോർഡ് എന്നിവയും വേണം.ഡ്രൈവർ ക്ഷീണിതനാണോയെന്ന് കണ്ടെത്താനുള്ള സെൻസറോടുകൂടിയ ക്യാമറ ഇതിന് പുറമേയാണ്.
ഗ്ലോബൽ പൊസിഷനിങ് സംവിധാനം (ജി.പി.എസ്.), റെക്കോഡിങ് സൗകര്യത്തോടുകൂടിയ ജിയോഫെൻസിങ് എന്നിവയും വേണം. യാത്രക്കാർക്ക് കുടിവെള്ളത്തിനുള്ള സൗകര്യമുണ്ടാകണം. സാധാരണരീതിയിൽ പണം വാങ്ങുന്നതിന് പുറമേ ക്യു.ആർ. കോഡ് സ്കാൻ ചെയ്തും സ്വൈപ്പിങ്, യു.പി.എസ്. എന്നിവ വഴിയും ടിക്കറ്റ് തുക ഈടാക്കാൻ സൗകര്യമുള്ളതാകണം ടിക്കറ്റിങ് മെഷീൻ.ബസിന്റെ രജിസ്റ്റേഡ് ഉടമ, ഡ്രൈവർ, കണ്ടക്ടർ എന്നിവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫക്കറ്റ് ഉണ്ടാകണം. സാമ്പത്തികസ്ഥിതി ഉറപ്പാക്കാൻ ഉടമയുടെയും പെർമിറ്റ് ഹോൾഡറുടെയും മൂന്നുവർഷത്തെ ആദായനികുതി റിട്ടേണും സമർപ്പിക്കണം. തുടക്കത്തിൽ പുതിയ റൂട്ടുകളിലേക്ക് രണ്ട് ബസുകൾക്കാണ് പെർമിറ്റ് അനുവദിക്കുക. സംസ്ഥാനതലത്തിൽ 503 റൂട്ടുകളിലേക്കാണ് ഇത്തരത്തിൽ പെർമിറ്റ് അനുവദിക്കുന്നത്.