ആമ്പല്‍വസന്തം, മീന്‍പിടിത്തം; ഉൾനാടൻ കാഴ്ചകള്‍ ആസ്വദിക്കാം, ആലപ്പി റൂട്‌സുമായി കുടുംബശ്രീ

ആലപ്പുഴ: പതിവു സ്ഥലങ്ങള്‍ വിട്ട് കേരളത്തിന്റെ ഉള്‍നാടുകള്‍ കാണാന്‍ താത്പര്യമുണ്ടോ? എങ്കില്‍, കുടുംബശ്രീയുടെ ‘കമ്യൂണിറ്റി ടൂറിസം’ പദ്ധതി സഹായിക്കും. നാട്ടിന്‍പുറത്തെ ടൂറിസം സംരംഭങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തി നാട്ടുകാര്യങ്ങള്‍ നേരിട്ടറിയാനുള്ള അവസരമൊരുക്കുകയാണു ലക്ഷ്യം.കുടുംബശ്രീ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന പദ്ധതി ആലപ്പുഴയില്‍ തുടങ്ങി. ‘ആലപ്പി റൂട്‌സ്’ എന്ന വനിതാ ടൂര്‍ ഓപ്പറേറ്റിങ് സംഘത്തിന്റെ പ്രവര്‍ത്തനവും തുടങ്ങി. സഞ്ചാരികളെയും സംരംഭകരെയും ബന്ധിപ്പിച്ച് ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കലാണ് ഇവരുടെ ജോലി.
കുട്ടനാട്ടിലെ നീലംപേരൂര്‍, കാവാലം, കൈനകരി, ചമ്പക്കുളം ഗ്രാമപ്പഞ്ചായത്തുകളിലാണ് കമ്യൂണിറ്റി ടൂറിസത്തിന്റെ തുടക്കം. രാജസ്ഥാന്‍ സ്വദേശിനികളായ തനിഷയും അംബികയുമാണ് ഇതിന്റെ ഭാഗമായെത്തിയ ആദ്യ വിനോദസഞ്ചാരികള്‍. മൂന്നുദിവസത്തെ യാത്രയായിരുന്നു. വേമ്പനാട്ടുകായല്‍, വട്ടക്കായല്‍, ആലപ്പുഴ ബീച്ച് എന്നിവ കണ്ടും നാടന്‍ ഭക്ഷണം ആസ്വദിച്ചും ഇരുവരും മടങ്ങി.
ആലപ്പി റൂട്‌സ്
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മുപ്പതോളം ടൂറിസം സംരംഭകരാണ് ഇതിലുള്ളത്. വിനോദസഞ്ചാരികള്‍ക്ക് ഇഷ്ടമുള്ള പാക്കേജ് തിരഞ്ഞെടുക്കാം. ആമ്പല്‍ വസന്തം, മീന്‍പിടിത്തം, കൃഷി, കയര്‍, കടലും കായലും ഇടത്തോടും ചേരുന്ന ജലടൂറിസം തുടങ്ങിയവ ഇതിലുള്‍പ്പെടും.സീസണ്‍ അനുസരിച്ചാകും പാക്കേജുകള്‍. വലിയ സംഘങ്ങള്‍ക്ക് ദിവസം 1,500 രൂപ (ഒരാള്‍ക്ക്) മുതലുള്ള പാക്കേജുണ്ട്. ആളുകളുടെ എണ്ണം, ദിവസം എന്നിവയനുസരിച്ച് ഇതു മാറാം. വിവരങ്ങള്‍ക്ക്: 8848012022.