സംസ്ഥാനത്ത് ജനുവരിയിലെ റേഷന്‍ വിതരണം ഫെബ്രുവരി നാലുവരെ

സംസ്ഥാനത്ത് ജനുവരിയിലെ റേഷന്‍ വിതരണം ഫെബ്രുവരി നാലുവരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. ഫെബ്രുവരി അഞ്ചിന് മാസാവസാന കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും. തുടര്‍ന്ന് ഫെബ്രുവരിയിലെ റേഷന്‍ വിതരണം ആറ് മുതല്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇന്നലെ മാത്രം 2,51,795 കാര്‍ഡ് ഉടമകള്‍ റേഷന്‍ കൈപറ്റിയിട്ടുണ്ട്. അതേസമയം, ഇന്ന് 2,23,048 കാര്‍ഡ് ഉടമകളും റേഷന്‍ കൈപ്പറ്റിയിട്ടുണ്ട്. റേഷന്‍ കടകളുമായി ബന്ധപ്പെട്ട ഗതാഗത കരാറുകാരുടെ പണിമുടക്ക് കാരണം ഭക്ഷ്യധാന്യങ്ങളുടെ വാതില്‍പ്പടി വിതരണം പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ അഞ്ച് ദിവസമായി വാതില്‍പ്പടി വിതരണം സുഗമമായി നടന്നു വരികയാണ്. അതിനാല്‍ ജനുവരിയിലെ റേഷന്‍ കൈപ്പറ്റാനുള്ള എല്ലാ കാര്‍ഡ് ഉടമകളും ഫെബ്രുവരി നാലിന് മുമ്പായി റേഷന്‍ കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു.
റേഷന്‍ കടകളിലെ ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കിന്റെ അടിസ്ഥാനത്തില്‍ കാര്‍ഡ് ഉടമകള്‍ക്ക് ആവശ്യാനുസരണം വിതരണം ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനായി കോമ്പനിനേഷന്‍ ബില്ലിങ് ഫെബ്രുവരിയിലും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.