മലയോര ടൂറിസം കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾക്ക് നിയന്ത്രണം; ചില്ല്- സ്റ്റീൽ കുപ്പികൾ നൽകണം

Share our post

കൊല്ലം: സംസ്ഥാനത്തെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്ളാസ്റ്റിക് കുപ്പികൾ കൊണ്ടുവരുന്നത് തടയുന്നതിന് ഹരിത ചെക്പോസ്റ്റുകൾ സ്ഥാപിക്കും. തദ്ദേശ സ്വയംഭരണം, പോലീസ്, മോട്ടോർവാഹനം, വനം, വിനോദസഞ്ചാരം എന്നീ വകുപ്പുകളുടെയും ഉത്തരവാദിത്വ ടൂറിസം മിഷന്റെയും സഹകരണത്തോടെയാകും സ്ഥാപിക്കുക. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെയും തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.പ്ളാസ്റ്റിക്കിനുപകരം പുനരുപയോഗിക്കാവുന്ന ചില്ല് കുപ്പികളിലോ സ്റ്റീൽ കുപ്പികളിലോ കുടിവെള്ളം ലഭ്യമാക്കണമെന്ന് വ്യാപാരികളോട് നിർദേശിക്കും. ജൈവികരീതിയിൽ നിർമാർജനം ചെയ്യാൻ കഴിയുന്ന കുപ്പികളിൽ (കംപോസ്റ്റബിൾ ബോട്ടിൽ) കുടിവെള്ളം വിപണനം ചെയ്യാനും സർക്കാർ നിർദേശിക്കും. മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്ളാസ്റ്റിക് മലിനീകരണം സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ സർക്കാരിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇവിടത്തെ പ്ളാസ്റ്റിക് മലിനീകരണം സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിനെത്തുടർന്നാണ് നടപടി.

പ്ലാസ്റ്റിക് കുപ്പികൾക്കും മറ്റ് പ്ളാസ്റ്റിക് വസ്തുക്കൾക്കും അധികവില ഈടാക്കി, അവ സംഭരണകേന്ദ്രങ്ങളിൽ ഏൽപ്പിക്കുന്പോൾ ഈ തുക തിരിച്ചുനൽകുന്നതിനുള്ള സംവിധാനവുമുണ്ടാക്കും. ഇവ വലിച്ചെറിയുന്നത് തടയുകയാണ് ഇതിന്റെ ലക്ഷ്യം. ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംഭരിക്കുന്നതിനും സംസ്കരിക്കുന്നതിനുമുള്ള നിയമങ്ങൾ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കർശനമായി നടപ്പാക്കും.

ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്ളാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയ മറ്റ് സംസ്ഥാനങ്ങളുടെ മാതൃക സർക്കാർ പഠിച്ചുവരികയാണെന്ന് തദ്ദേശ സ്വയംഭരണ സെക്രട്ടറി ടി.വി.അനുപമ പറഞ്ഞു. ചടങ്ങുകളിൽ കുടിവെള്ളം ഗ്ലാസുകളിൽ പകർന്നുനൽകണമെന്ന് നിർദേശം നൽകും.

മുൻകരുതൽ നടപടിയെന്നനിലയിൽ കാറ്ററിങ് സ്ഥാപനങ്ങളിൽനിന്നും വിരുന്ന് ഹാളുകളിൽനിന്നും നിശ്ചിതതുക കരുതൽ നിക്ഷേപമായി ശേഖരിക്കാനും നിർദേശമുണ്ട്. ഭക്ഷണശാലകൾ, മറ്റ് വാണിജ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് മലിനജലം ഓടകളിലേക്ക് തുറന്നുവിടുന്നത് തടയും. മാലിന്യം കൂടകളിൽ ശേഖരിക്കണമെന്നതും സംസ്കരിക്കണമെന്നതും നിർബന്ധമാക്കും.പ്രാദേശികമായി രൂപവത്കരിക്കുന്ന സമിതികൾ ഭക്ഷണശാലകളിലും വാണിജ്യസ്ഥാപനങ്ങളിലും മിന്നൽപ്പരിശോധന നടത്തും. എന്നാൽ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയ മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ ഹരിത സെസ് ഏർപ്പെടുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!