ട്രെയിനിൽ കയറുന്നതിനിടെ വീണ് ഉളിയിൽ സ്വദേശിയുടെ കാൽ പൂർണമായി അറ്റു

കണ്ണൂർ: ട്രെയിനിൽ കയറുന്നതിനിടെ വീണ് യാത്രക്കാരന്റെ കാൽ അറ്റു. ഇരിട്ടി ഉളിയിൽ പടിക്കച്ചാൽ സ്വദേശി മുഹമ്മദലിയെ (32) ആണ് ഗുരുതര പരിക്കുകളോടെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ പുലർച്ചെ 1.10ന് കണ്ണൂരിലെത്തിയ മംഗള എക്സ്പ്രസിൽ കയറുന്നതിനിടെയാണ് സംഭവം.മുഹമ്മദലിയുടെ കാലുകൾക്കാണ് സാരമായി പരിക്കേറ്റത്. ഒരു കാൽ പൂർണമായി അറ്റുപോയി. കൈക്കും പരിക്കുണ്ട്. ഷൊർണൂരിലേക്ക്
പോകുന്നതിനായി മൂന്നാം പ്ലാറ്റ്ഫോമിൽ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.പിടിവിട്ട് ട്രാക്കിലേക്ക് വീണ യുവാവിനെ റെയിൽവേ ജീവനക്കാരും പൊലീസും എത്തി ആംബുലൻസിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് സാരമുള്ളതായതിനാൽ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.