ചൂടേറുന്നു, കടകളില്‍ പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ വെയിലത്ത് വയ്ക്കരുത്; രാസമാറ്റം ആരോഗ്യത്തിനു ഹാനികരം

Share our post

സംസ്ഥാനത്ത് ചൂട് പതിവില്‍ നിന്ന് 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയ സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. വ്യാപാര സ്ഥാപനങ്ങളില്‍ കുടിവെള്ളത്തിന്റെയും ശീതളപാനീയത്തിന്റെയും പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ വെയില്‍ ഏല്‍ക്കുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആദ്യഘട്ടത്തില്‍ കര്‍ശനമായ നിര്‍ദേശം നല്‍കും.

ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ ചുമത്തല്‍ ഉള്‍പ്പെടെയുള്ള നിയമ നടപടി സ്വീകരിക്കുമെന്നും വകുപ്പ് അറിയിച്ചു. വെയില്‍ ഏല്‍ക്കുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്കുണ്ടാകുന്ന രാസമാറ്റം മനുഷ്യരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്ന് വകുപ്പ് ചൂണ്ടിക്കാട്ടുന്നു. പാനീയങ്ങള്‍ ശുദ്ധവും ആരോഗ്യകരവുമാണെന്ന് ഉറപ്പുവരുത്താന്‍ നിരന്തരം പരിശോധന നടത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഇതിനൊപ്പം ജലജന്യരോഗങ്ങള്‍ പടരാതിരിക്കാന്‍ സംസ്ഥാനത്തുടനീളം സ്‌ക്വാഡുകള്‍ രൂപീകരിച്ച് വെളളത്തിന്റെ സാംപിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുന്നുണ്ടെന്നും വകുപ്പ് അറിയിച്ചു. ചൂട് കൂടുന്ന സാഹചര്യത്തില്‍ സൂര്യാതപവും നിര്‍ജലീകരണവും ഉണ്ടാകാതെ സൂക്ഷിക്കണമെന്നും പകല്‍ 11 മുതല്‍ ഉച്ചയ്ക്കുശേഷം 3 വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. വെയിലത്തു ജോലി ചെയ്യുന്ന തൊഴിലാളികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും മൂലമാണ് ഊഷ്മാവ് ഉയര്‍ന്നു നില്‍ക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!