വാട്‌സാപ്പ് വഴിയോ ഇലക്‌ട്രോണിക് മോഡുകള്‍ വഴിയോ പ്രതികള്‍ക്ക് പോലീസ് നോട്ടീസ് അയക്കരുത്: ഉത്തരവുമായി സുപ്രീംകോടതി

Share our post

ന്യൂഡല്‍ഹി: പരിഷ്‌കരിച്ച ക്രിമിനല്‍ നടപടി ചട്ടം ഭാരതീയ നാഗരിക്ക് സുരക്ഷാ സന്‍ഹിത (ബിഎന്‍എസ്എസ്) 2023 പ്രകാരം വാട്ട്സ്ആപ്പ് വഴിയോ മറ്റ് ഇലക്ട്രോണിക് മോഡുകള്‍ വഴിയോ പ്രതികള്‍ക്ക് നോട്ടീസ് നല്‍കാന്‍ പോലീസിന് കഴിയില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ എംഎം സുന്ദ്രേഷും രാജേഷ് ബിന്ദലും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്. അനുവദനീയമായ സേവന രീതിയിലൂടെ മാത്രമേ നോട്ടീസ് നല്‍കാവൂ എന്ന് സുപ്രീം കോടതി കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

ഇത് സംബന്ധിച്ച് പോലീസ് സേനയ്ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. നോയിഡയിലെ ഇ.പി.എഫ്ഒ റീജിയണല്‍ ഓഫീസില്‍ അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണറായിരുന്ന സതേന്ദര്‍ കുമാര്‍ ആന്റിലിന്റെ കേസുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. അഴിമതി നിരോധന നിയമപ്രകാരം സി.ബി.ഐ ഇദ്ദേഹത്തിനെതിരെ ചുമത്തിയ കേസില്‍ സുപ്രീം കോടതി നിരവധി നിര്‍ദ്ദേശങ്ങളാണ് നല്‍കിയത്. ഈ കേസില്‍ ജാമ്യവുമായി ബന്ധപ്പെട്ട് ബെയില്‍ ആക്ട് എന്ന പ്രത്യേക നിയമം പാസാക്കണമെന്നടക്കം കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

വിഷയത്തില്‍ അമിക്കസ് ക്യൂറിയായി നിയോഗിച്ച മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്രയുടെ ശുപാര്‍ശ അംഗീകരിച്ചാണ് സുപ്രീം കോടതിയുടെ തീരുമാനം. ഹൈക്കോടതി രജിസ്ട്രാര്‍ ജനറലുകളോടും എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരോടും നിര്‍ദ്ദേശം പാലിക്കുന്നുവെന്നത് ഉറപ്പാക്കി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!