കടുവകളുടെ സാന്നിധ്യം; വയനാട്ടില്‍ വ്യാഴാഴ്ചവരെ ജനകീയ തിരച്ചില്‍

മാനന്തവാടി: ജില്ലയില്‍ അടിക്കടി കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ചവരെ ജനകീയ തിരച്ചില്‍ നടത്തുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.ജനവാസകേന്ദ്രങ്ങളുമായി അതിരിടുന്ന വനമേഖലകളിലും, കടുവയുടെ സാന്നിധ്യമുണ്ടായതായി സ്ഥിരീകരിച്ച മറ്റിടങ്ങളിലുമാണ് പരിശോധന നടത്തുക. നരഭോജിക്കടുവയെ ചത്തനിലയില്‍ കണ്ടെത്തിയെങ്കിലും ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് പഞ്ചാരക്കൊല്ലിയിലും സമീപപ്രദേശങ്ങളിലും തിരച്ചില്‍ നടത്തും. നോര്‍ത്ത്, സൗത്ത് വനം ഡിവിഷനുകളിലും വയനാട് വന്യജീവി സങ്കേതത്തിലെയും ആറു റെയ്ഞ്ചുകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുക. സര്‍ക്കാര്‍ എന്നും ജനങ്ങള്‍ക്കൊപ്പം നിലകൊള്ളും. വന്യജീവികളില്‍നിന്ന് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ എല്ലാകാര്യങ്ങളും ചെയ്യും. മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് ശാശ്വതപരിഹാരം കാണുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
വനാതിര്‍ത്തികളിലെ അടിക്കാടുകള്‍ വെട്ടിമാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. സ്വകാര്യതോട്ടങ്ങളിലെ അടിക്കാടുകള്‍ വെട്ടിമാറ്റാന്‍ ത്രിതല പഞ്ചായത്ത് അധികൃതര്‍ മുഖേന നോട്ടീസയക്കുന്നുണ്ട്. കാടുകള്‍ വെട്ടിമാറ്റാത്ത തോട്ടമുടമകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. വനത്തിനുപുറത്തുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യത്തിന് കാരണമാകുന്ന അടിക്കാടുകള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ വെട്ടിമാറ്റും. വനാതിര്‍ത്തികളില്‍ സോളാര്‍ തൂക്കുവേലി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. നബാര്‍ഡിന്റെ സഹായത്തോടെ 15 കോടി രൂപയുടെ തൂക്കുവേലി പ്രതിരോധം തീര്‍ക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുഖേനയും ഫണ്ട് ലഭ്യമാക്കും.വന്യജീവികള്‍ക്ക് വനത്തില്‍ ആവാസം സൃഷ്ടിക്കുന്നതിന് പുതിയ മുന്നൂറുകുളങ്ങള്‍ ജില്ലയില്‍ കുഴിക്കും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വന്യമൃഗങ്ങളുടെ സാന്നിധ്യവും നീക്കവും മനസ്സിലാക്കുന്നതിനായി ആയിരം ലൈവ് ക്യാമറകള്‍ സ്ഥാപിക്കും. പഞ്ചാരക്കൊല്ലിയില്‍ കടുവയിറങ്ങിയതുമൂലം തൊഴില്‍ നഷ്ടപ്പെട്ട പ്രിയദര്‍ശിനി എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ഈ ദിവസങ്ങളിലെ വേതനം നല്‍കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കളക്ടര്‍ ഡി.ആര്‍. മേഘശ്രീ, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, മാനന്തവാടി നഗരസഭാ കൗണ്‍സിലര്‍ ഉഷാ കേളു, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. കെ.ജെ. മാര്‍ട്ടിന്‍ ലോവല്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി.
പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തിനുശേഷം ഇവിടെ പ്രവര്‍ത്തിച്ച വനം, പോലീസ്, റവന്യു, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദനമറിയിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
കേന്ദ്രസഹായം ലഭിക്കുന്നില്ലെന്ന് മന്ത്രി
സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘര്‍ഷം ഇല്ലാതാക്കുന്നതിനും മലയോര മേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി 620 കോടി രൂപയുടെ പദ്ധതി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ഇതിനായി അഞ്ചുതവണ കേന്ദ്രമന്ത്രിയെ കണ്ടെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഇന്റര്‍സ്റ്റേറ്റ് മിനിസ്റ്റേഴ്സ് കൗണ്‍സില്‍ പ്രവര്‍ത്തനം ശക്തമാക്കും. കടുവയുടെ ആക്രമണത്തില്‍ മരിച്ച രാധയുടെ കുടുംബത്തിനുള്ള ബാക്കി സഹായധനം രണ്ടുദിവസത്തിനകം നല്‍കും. നിലവിലുള്ള വനനിയമം തലതിരിഞ്ഞതാണ്. കാലഹരണപ്പെട്ട ഈ നിയമം പരിഷ്‌കരിക്കണമെന്നും മന്ത്രി പറഞ്ഞു.