പത്താമുദയത്തിന് പത്തരമാറ്റ്: പത്താം ക്ലാസ് പരീക്ഷയെഴുതിയ 1571 പേരിൽ 1424 പേർക്കും ജയം

കണ്ണൂർ: സാക്ഷരത മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പത്താമുദയം പദ്ധതിയിൽ ജില്ലയിൽ മികച്ച വിജയം നേടിയവരെയും തദ്ദേശ സ്ഥാപനങ്ങളെയും ജില്ല പഞ്ചായത്ത് അനുമോദിച്ചു. പത്താമുദയം പദ്ധതിയിലൂടെ പത്താം ക്ലാസ് പരീക്ഷയെഴുതിയ 1571 പേരിൽ 1424 പേരും ഇത്തവണ വിജയിച്ചു.18 മുതൽ 81 വയസ്സ് വരെയുള്ളവരായിരുന്നു പഠിതാക്കൾ. ജയിച്ചവരിൽ 1214 പേർ സ്ത്രീകളാണ്. അനുമോദനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഏറ്റവും പ്രായം കൂടിയ പഠിതാക്കൾക്കുള്ള പുരസ്കാരം ഉളിക്കൽ പഞ്ചായത്ത് തേർമലയിലെ 81കാരൻ എം.ജെ. സേവ്യറും ചെങ്ങളായി പഞ്ചായത്ത് ചുഴലിയിലെ 75കാരി രുക്മിണി താഴത്തുവീട്ടിൽ ഒതയോത്തും മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി.മാധവി മാവില (74), യശോദ (74), എലിസബത്ത് മാത്യു (74) എന്നിവരും പ്രായമേറിയ പഠിതാക്കളാണ്. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മാടായി സ്വദേശി എ.വി. താഹിറ, ട്രാൻസ്ജെൻഡർ പഠിതാവ് സി. അപർണ എന്നിവരെയും പരിപാടിയിൽ ആദരിച്ചു. പത്താമുദയം മികച്ച രീതിയിൽ സംഘടിപ്പിച്ച ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരവും മന്ത്രി വിതരണം ചെയ്തു.
കണ്ണൂർ കോർപറേഷൻ, ഇരിട്ടി നഗരസഭ, പഞ്ചായത്തുകളായ രാമന്തളി, പെരിങ്ങോംവയക്കര, എരമംകുറ്റൂർ, ചെങ്ങളായി, കോട്ടയം മലബാർ, ചിറ്റാരിപ്പറമ്പ്, മാങ്ങാട്ടിടം, കുന്നോത്തുപറമ്പ്, കുറ്റിയാട്ടൂർ, മുണ്ടേരി, അഞ്ചരക്കണ്ടി, കോളയാട്, മുഴക്കുന്ന്, പേരാവൂർ എന്നീ തദ്ദേശ സ്ഥാപനങ്ങൾക്കാണ് പുരസ്കാരം. മികച്ച വിജയം നേടിയ 10 ദമ്പതികളും 28 സഹോദരങ്ങളും പുരസ്കാരം ഏറ്റുവാങ്ങി.ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി അധ്യക്ഷത വഹിച്ചു. മികച്ച വിജയം നേടിയവർക്കുള്ള പുരസ്കാരം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ വിതരണം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷരായ എൻ.വി. ശ്രീജിനി, ടി. സരള, വി.കെ. സുരേഷ്ബാബു, ജില്ല പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസൻ ജോൺ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഗംഗാധരൻ, സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ ഷാജു ജോൺ, അസി. കോഓഡിനേറ്റർ ടി.വി. ശ്രീജൻ, തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടർ ബാബുരാജ്, ഡയറ്റ് പ്രിൻസിപ്പൽ വി.വി. പ്രേമരാജൻ, പയ്യന്നൂർ കുഞ്ഞിരാമൻ, വി.ആർ.വി. ഏഴോം എന്നിവർ സംസാരിച്ചു.