ഐ.സി ബാലകൃഷ്ണൻ എം.എൽ.എയെ അറസ്റ്റ് ചെയ്തു

Share our post

കൽപറ്റ: വയനാട് ഡി.സി.സി ട്രഷറർ എൻ.എം വിജയനും മകനും ജീവനൊടുക്കിയ കേസിൽ ഒന്നാം പ്രതിയായ ഐ. സി ബാലകൃഷ്ണൻ എം.എൽ.എയെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച മുതൽ ഐ.സി ബാലകൃഷ്ണനെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയായിരുന്നു. മൂന്ന്‌ ദിവസം കസ്‌റ്റഡിയിൽ ചോദ്യം ചെയ്യാനായിരുന്നു കോടതി ഉത്തരവ്. വ്യാഴാഴ്‌ച എം.എൽ.എയെ ആറ്‌ മണിക്കൂറോളം ചോദ്യം ചെയ്‌തു. ഇന്നലെ രാവിലെ പത്തോടെ കൽപ്പറ്റ പുത്തൂർവയലിലെ പൊലീസ്‌ ക്യാമ്പിലെത്തിയ ബാലകൃഷ്‌ണനെ കസ്‌റ്റഡയിൽ എടുത്ത്‌ പകൽ ഒന്നുവരെ ചോദ്യം ചെയ്‌തിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് എം.എൽ.എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. രണ്ടുപേരുടെ ഒരുലക്ഷം രൂപവീതമുള്ള ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.

എൻ.എം വിജയന്റെ മകനെ ബത്തേരി അർബൻ ബാങ്കിലെ പാർട്‌ ടൈം സ്വീപ്പർ തസ്‌തികയിൽനിന്ന്‌ പിരിച്ചുവിട്ട്‌ മറ്റൊരാളെ നിയമിച്ചതിലെ പങ്ക് കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലിൽ എം.എൽ.എ സമ്മതിച്ചിട്ടുണ്ട്. ഇതിന് എം.എൽ.എ പണം വാങ്ങിയെന്ന് വിജയന്റെ ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നു. കടബാധ്യതയുമായി ബന്ധപ്പെട്ട്‌ ഡി.സി.സി പ്രസിഡന്റും ഐ. സി ബാലകൃഷ്‌ണൻ എം.എൽ.എയുമായി വിജയൻ നടത്തിയ ഫോൺ സംഭാഷണങ്ങൾ അന്വേഷകസംഘത്തിന്‌ ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് എം.എൽ.എ ഉത്തരം നൽകിയിട്ടില്ല.

ഇന്നലെ ഐ. സി ബാലകൃഷ്‌ണൻ എം.എൽ.എയുടെ വീട്ടിലും അന്വേഷണസംഘം റെയ്‌ഡ്‌ നടത്തിയിരുന്നു. കസ്‌റ്റഡിയിലുണ്ടായിരുന്ന എം.എൽ.എയേയും കൊണ്ട്‌ വെള്ളിയാഴ്ച പകൽ ഒന്നരയോടെയാണ്‌ കേണിച്ചിറയിലെ വീട്ടിലെത്തി റെയ്‌ഡ്‌ ചെയ്‌തത്‌. ചില സുപ്രധാന രേഖകൾ പരിശോധിക്കുേകയും പകർപ്പുകൾ എടുക്കുകയും ചെയ്‌തു.ഡി.സി.സി പ്രസിഡന്റ് എൻ. ഡി അപ്പച്ചൻ, മുൻ ഡിസിസി ട്രഷറർ കെ കെ ഗോപിനാഥൻ എന്നിവരെയും ബുധനാഴ്ച ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു. വിജയന്റെ ആത്മഹത്യാക്കുറിപ്പിലുള്ള വിവരങ്ങൾ സാധൂകരിക്കുന്ന കൂടുതൽ വിവരങ്ങളും തെളിവുകളും ചോദ്യം ചെയ്യലിൽ ലഭിച്ചിട്ടുണ്ട്. നിയമനക്കോഴയിലൂടെയുണ്ടായ കടബാധ്യതയിൽ വിജയൻ ആത്മഹത്യയുടെ വക്കിലായിരുന്നെന്ന്‌ പ്രതികൾ നേരത്തെ മനസിലാക്കിയിരുന്നതായി അന്വേഷകസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. കേസിൽ പ്രതികൾ വിജയനെയും മകനെയും മരണത്തിലേക്ക്‌ തള്ളിവിട്ടതാണെന്ന്‌ ചോദ്യം ചെയ്യലിൽ വ്യക്തത വന്നിട്ടുണ്ട്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!