ഹർത്താൽ തുടങ്ങി… കെണിയൊരുക്കി വനംവകുപ്പ്; പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവക്കായി ഇന്നും തെരച്ചിൽ

വന്യജീവി ആക്രമണത്തിനെതിരെ മാനന്തവാടിയിൽ പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി.രാവിലെ ആറു മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.യുഡിഫും, എസ്ഡിപിഐയും ആണ് ഹർത്താലിന് ആഹ്വാനം ചെയ്തത് .മാനന്തവാടി മുൻസിപ്പാലിറ്റി മേഖലയിലാണ് ഹർത്താൽ. അതേസമയം, പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ചു കൊലപെടുത്തിയ കടുവക്കായി ഇന്നും തെരച്ചിൽ തുടരും.വനം വകുപ്പാണ് കടുവക്കായി തെരച്ചിൽ ഊർജിതമാക്കുക. കൂടുതൽ ആർ.ആർ.ടി സംഘം ഇന്ന് വനത്തിൽ തെരച്ചിൽ നടത്തും.തെർമൽ ഡ്രോൺ ഉപയോഗിച്ചും തെരച്ചിൽ തുടരും.
ഡോക്ടർ അരുൺ സഖറിയയുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക ദൗത്യ സംഘവും ഉടൻ സ്ഥലത്തെത്തും.പ്രദേശത്ത് കടുവക്കായി ഇന്നലെ തന്നെ കൂട് സ്ഥാപിച്ചിരുന്നു. മുത്തങ്ങയിൽ നിന്നുള്ള കുങ്കിയാനകളെയും തെരച്ചിലിനായി സ്ഥലത്ത് എത്തിക്കും.ഇന്നലെ കടുവയുടെ ആക്രമണത്തിൽ മരിച്ച രാധയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ 11 മണിക്കായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.മാനന്തവാടി മെഡിക്കൽ കോളേജിൽ ഇന്നലെ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയിരുന്നു.അതേസമയം മാനന്തവാടിക്ക് പിന്നാലെ വൈത്തിരിയിലും കടുവയെ കണ്ടെന്ന് നാട്ടുകാർ അറിയിച്ചു.ഇത് പ്രദേശത്ത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് തെരച്ചിൽ നടത്തുന്നുണ്ട്.