ഫ്രഷാണ്, ഫ്രഷ് വണ്ടിയിൽ നല്ല മീനെത്തും

കണ്ണൂർ: ജില്ലയിലെ മത്സ്യഗ്രാമങ്ങളുടെ ആധുനികവൽക്കരണത്തിന് തുടക്കമിട്ട് ചാലിൽ ഗോപാലപേട്ട മത്സ്യഗ്രാമത്തിൽ ഇലക്‌ട്രിക് മത്സ്യവിൽപ്പന ഓട്ടോ കിയോസ്‌ക് നിരത്തിലിറങ്ങും. കേന്ദ്ര, സംസ്ഥാന ഫിഷറീസ് വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതിയിൽ അത്യാധുനിക സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് ഇലക്‌ട്രിക് ഓട്ടോ വിതരണം ചെയ്യുന്നത്. കേരളത്തിൽ കൊല്ലം ജില്ലയിൽമാത്രമാണ് ഇലക്‌ട്രിക് മത്സ്യവിൽപ്പന ഓട്ടോ കിയോസ്‌കുള്ളത്. മത്സ്യമേഖലയിലെ തൊഴിൽ സാഹചര്യങ്ങളും ജീവിതവും ആധുനികവൽക്കരിക്കാനാണ് ചാലിൽ ഗോപാലപേട്ടയിൽ മോഡേൺ ഫിഷിങ് വില്ലേജ് ഒരുങ്ങുന്നത്. തലശേരി നഗരസഭയുടെ ഏഴ് വാർഡുകളുൾപ്പെടുന്നതാണ് ചാലിൽ ഗോപാലപേട്ട മത്സ്യഗ്രാമം. പദ്ധതിയിൽ 7.19 കോടിയുടെ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. തെരഞ്ഞെടുത്ത അഞ്ച് മത്സ്യവിൽപനക്കാർക്ക് ഇലക്‌ട്രിക് മത്സ്യവിൽപ്പന ഓട്ടോ കിയോസ്‌ക് നൽകുന്ന പദ്ധതിക്ക് 39 ലക്ഷമാണ് ചെലവിടുന്നത്. മത്സ്യകച്ചവടക്കാർക്ക് വീടുകളിൽചെന്ന് വിൽപ്പന നടത്താനാണ് ഓട്ടോ നൽകുന്നത്.
മത്സ്യവും മത്സ്യഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കാനും സംഭരിക്കാനുമുള്ള സൗകര്യം ഓട്ടോയിലുണ്ടാവും. ഓർഡറുകൾ സ്വീകരിക്കാനും ബിൽ പ്രിന്റ് ചെയ്യാനുമുള്ള ആപ്പും സജ്ജമാക്കും. സ്‌റ്റോക്കിലുള്ള ഇനങ്ങളുടെ വിവരങ്ങളും ആപ്പിലുണ്ടാകും. കിയോസ്‌കിൽ മത്സ്യം പ്രദർശിപ്പിക്കാനും മുറിക്കാനും വൃത്തിയാക്കാനും പ്രത്യേകം ഇടമുണ്ടാകും. 100 ലിറ്ററിന്റെ ശുദ്ധജലടാങ്കും 80 ലിറ്ററിന്റെ മലിനജലടാങ്കും ഓട്ടോയിലുണ്ടാകും. മൂന്ന് കിലോ വോൾട്ട് ജനറേറ്ററും കിയോസ്‌കിൽ ഘടിപ്പിച്ചിട്ടുണ്ട്. ഗുണഭോക്താക്കളായ മത്സ്യവിൽപ്പനക്കാർക്ക് കേരള സ്‌റ്റേറ്റ് കോസ്‌റ്റൽ ഏരിയ ഡവലപ്മെന്റ് കോർപറേഷൻ പരിശീലനം നൽകും. ഓട്ടോ ചാർജിങ്ങ്, മത്സ്യപരിപാലനം, ശുചിത്വം, പാക്കിങ്, വിപണനം എന്നീ വിഷയങ്ങളിലും പരിശീലനം നൽകും. മാർച്ചിന് മുമ്പ് ഓട്ടോ ഗുണഭോക്താക്കൾക്ക് കൈമാറും. ചാലിൽ ഗോപാലപേട്ടയിൽ മോഡേൺ ഫിഷിങ് വില്ലേജ് പദ്ധതിയുടെ ഭാഗമായി തലായി ഫിഷിങ് ഹാർബറിന് സമീപം ആധുനികസൗകര്യങ്ങളുള്ള മത്സ്യമാർക്കറ്റും സജ്ജീകരിക്കുന്നുണ്ട്. രണ്ട് വർഷത്തിനുള്ളിൽ മോഡേൺ ഫിഷിങ് വില്ലേജ് പൂർത്തിയാകും.